രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കുന്താപുര ബലെഹിട്ടുവിലെ ബാരെക്കാട്ടുവെ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ശശാങ്ക് മൊഗവീര (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 ഓടെ കുന്താപുര ടൗണിന് സമീപമുള്ള ഹംഗ്ലൂരിലെ സര്‍വീസ് റോഡില്‍ നാഗു പാലസിന് സമീപമാണ് അപകടം. രാത്രി ഹംഗ്ലുരുവിലെ പെട്രോള്‍ പമ്പില്‍ നിന്ന് ബൈക്കില്‍ ഇന്ധനം നിറച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശശാങ്ക്. എതിര്‍ദിശയില്‍ അമിത വേഗതയിലെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മണിപ്പാലിലെ കെഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മണിപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രകാരനായ വെങ്കിടേഷിന്റെ മകനാണ് ശശാങ്ക്. സംഭവത്തില്‍ കുന്താപൂര്‍ ടൗണ്‍ ട്രാഫിക് പൊലീസ് കേസെടുത്തു.