കാസര്‍കോട്: ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് അംഗനവാടി അധ്യാപികക്ക് പരിക്കേറ്റു. മടിക്കൈ മുണ്ടോട്ട് സ്വദേശിനി പിവി ലക്ഷ്മി(50)ക്കാണ് പരിക്ക്. തലക്ക് പരിക്കേറ്റ ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ മുണ്ടോട്ട് ജംങ്ഷനില്‍ വച്ചാണ് അപകടം. കോട്ടപ്പാറയിലെ അംഗനവാടി ടീച്ചറാണ് ലക്ഷ്മി. രാവിലെ കോട്ടപ്പാറയിലേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍. ബസ് കയറിയപ്പോള്‍ ഡോര്‍ അടച്ചിരുന്നില്ല. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ആദ്യം ബസിനുള്ളില്‍ വീഴുകയും പിന്നീട് തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. മറ്റുള്ള യാത്രക്കാരുടെ വിവരത്തെ തുടര്‍ന്നാണ് ഡ്രൈവര്‍ സംഭവമറിയുന്നതും ബസ് നിര്‍ത്തുന്നതും. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ലക്ഷ്മിയെ ആദ്യം പൂത്തക്കാല്‍ പിഎച്ച്‌സിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.