കാസര്‍കോട്: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യാപിതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ച യുവാവിനെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ദെര്‍ളക്കട്ട സ്വദേശി അന്‍വറി(32)നെയാണ് എസ്‌ഐ ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്.പ്രതിക്കെതിരെ ഐപിസി 308 പ്രകാരം കേസെടുത്തു. ദണ്ഡഗോളി കിദൂര്‍ സ്വദേശി മുഹമ്മദ് യൂസഫിനെയാണ് യുവാവ് കൊല്ലാന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ ഒരുമണിയോടെ യൂസഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് കോളിങ് ബെല്ലടിച്ചും ജനാലയില്‍ മുട്ടിയും വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായി കോളിങ് ബെല്ല് അമര്‍ത്തിയതോടെ യൂസഫ് വാതില്‍ തുറന്നു പുറത്തു വന്നു. അപ്പോള്‍ കൈകൊണ്ട് യൂസഫിന്റെ നെഞ്ചിലിടിക്കുകയും പിന്നീട് ഇരുമ്പ് വടികൊണ്ട് തലക്കടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് യൂസഫ് പൊലീസിനോട് പറഞ്ഞു. മകള്‍ തഫ്‌സീറയുമായുള്ള വിവാഹത്തിന് ശേഷം ഒരു വര്‍ഷം വരെ നല്ല രീതിയില്‍ കഴിഞ്ഞിരുന്നു. പിന്നീട് മദ്യപിച്ചെത്തി വീട്ടില്‍ അക്രമം നടത്തുക പതിവായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. പ്രശ്‌നം രൂക്ഷമായതോടെ ആറുമാസം മുമ്പ് യൂസഫ് മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞമാസവും അന്‍വര്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ റിമാന്റുചെയ്തു.