സ ഏഷോണി മൈതദാത്മ്യമിദം സര്‍വ്വം
തത്സത്യം സ ആത്മ തത്ത്വമസി ശ്വേത കേതോ ഇതി.
ഭൂയ ഏവ മാ ഭഗവന്‍ വിജ്ഞാപയിതു ഇതി,
തഥാ സോമ്യേതി ഹേവാച.
സാരം: യാതൊരു സൂക്ഷ്മ വസ്തുവില്‍ നിന്നാണോ ഈ പ്രപഞ്ചം മുഴുവന്‍ ഉണ്ടായിരിക്കുന്നത്, അതു തന്നെയാണ് എല്ലാത്തിന്റെയും മൂലകാരണമായിരിക്കുന്നത്. അതു മാത്രമാണ് സത്യം. അതു തന്നെയാണ് എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നതും. അല്ലയോ ശ്വേതകേതോ ആ സത്യം നീ തന്നെയാകുന്നു എന്ന് ഉദ്ദാലകന്‍ പറഞ്ഞു. അപ്പോള്‍ ശ്വേതകേതു പിതാവിനോട് പറഞ്ഞു ”അങ്ങ് അല്‍പം കൂടി അത് വ്യക്തമാക്കിത്തരണം: അപ്പോള്‍ ഉദ്ദാലകന്‍ പറഞ്ഞു: ”അങ്ങനെയാകട്ടെ”.
പ്രപഞ്ചത്തിലെ ഓരോ കാര്യവസ്തുക്കളുടെയും മൂലകാരണമന്വേഷിച്ചു ചെല്ലുമ്പോള്‍ അവസാനമെത്തിച്ചേരുക ശുദ്ധ ബോധസ്വരൂപമായ പരമാത്മസത്യത്തിലേക്കാണ്. അതാകട്ടെ അഖണ്ഡാനന്ദ സ്വരൂപമായ നിത്യ സത്യമാണ്. ഈ മന്ത്രത്തില്‍ അതിനെ സത്യവസ്തുവെന്നാണ് ഋഷി പറഞ്ഞിട്ടുള്ളത്. സത്യമെന്നാല്‍ ത്രികാല അബാധിതമായ വസ്തുവാണ്. ഭൂതകാലത്തും, വര്‍ത്തമാനത്തും ഭാവിയിലും മാറ്റമില്ലാതെ നിലനില്‍ക്കുന്നതിനെയാണ് സത്യം എന്നു പറയുന്നത്. എല്ലാറ്റിന്റെയും പരമകാരണമായ ബ്രഹ്‌മമാണ് ആ സത്യവസ്തു. ഉദ്ദാലകന്‍ ശ്വേതകേതുവിനോടു പറയുന്നു, നിന്റെ ശരീരാദി എല്ലാ ഉപാധികളും മാറ്റിയാല്‍ അവശേഷിക്കുന്ന ആ പരമാത്മ ചൈതന്യമാണ്. ആത്യന്തികമായി, അത് നീ തന്നെയാണ്. ഈ സത്യം മനസ്സിലാക്കണമെങ്കില്‍ അത് സ്വന്തം ആത്മാവില്‍ സാക്ഷാത്കരിക്കണമെന്നു മാത്രം. ഗുരുവിന്റെ ഉപദേശം പൂര്‍ണ്ണമായും മനസ്സിലാകാത്ത ശ്വേതകേതു, അത് കുറച്ചു കൂടി വ്യക്തമാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പിതാവ് സന്തോഷ പൂര്‍വ്വം സമ്മതിക്കുന്നു. ഇതോടെ എട്ടാം ഖണ്ഡം സമാപിച്ചു.