കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട.
നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുന്‍ നിത്യനിദ്രയിലേക്ക് മടങ്ങി. പ്രിയപ്പെട്ട അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച രാവിലെ 11.20 ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ഒഴുകിയെത്തിയ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി 11.45 ഓടെ സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്. പിതാവിനെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നുവയസുകാരന്‍ മകന്‍ അയാന്‍ കണ്ടുനിന്നവരുടെ എല്ലാം കണ്ണുകളെ ഈറനണിയിച്ച നൊമ്പരമായി. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, മാതാവ് ഷീല, പിതാവ് പ്രേമന്‍ എന്നിവര്‍ വിങ്ങിപ്പൊട്ടി യാത്രാമൊഴിയേകി.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടൊന്നാകെ വീട്ടിലേക്കെത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ വരി ഒരു കിലോമീറ്ററിലധികം നീണ്ടു നിന്നിരുന്നു. മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാര്‍, എ.കെ. ശശീന്ദ്രന്‍, കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ, എം.പി.മാരായ എം.കെ.രാഘവന്‍, ഷാഫി പറമ്പില്‍, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വീട്ടിലെത്തിച്ചത്. ജൂലായ് 16-നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്.