കാസര്‍കോട്: റോഡിലെ കുഴി കാരണം ഉദുമ, പള്ളത്ത് അപകടങ്ങള്‍ പതിവായി. അധികൃതര്‍ നടപടിയെടുക്കാത്തതാണ് അപകടത്തിനു ഇടയാക്കുന്നതെന്നു ആരോപിച്ചു ഒരു കൂട്ടം യുവാക്കള്‍ റോഡിലെ കുഴിക്ക് സമീപത്തു നിന്നു ഒന്നിച്ചു അലറിക്കരഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് വ്യത്യസ്തമായ സമരം ഉദുമ, പളളത്തു നടന്നത്. ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കെ.എസ്.ടി.പി റോഡിലെ കലുങ്ക് തകര്‍ന്നു കിടക്കുകയാണ്. ഇതു കാരണം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയും കാര്‍ കുഴിയിലേക്ക് വീണു സമീപത്തെ കാര്‍ ഷോറൂമിലേക്ക് പാഞ്ഞു കയറി അപകടം ഉണ്ടായി. ഇതോടെയാണ് ഒരു കൂട്ടം യുവാക്കള്‍ കുഴിയുടെ അരികില്‍ കൂടി നിന്നു കൂട്ടക്കരച്ചില്‍ നടത്തിയത്.
ഇതിനു പിന്നാലെ ആറാട്ടുകടവ് സ്വദേശിയും യോഗാധ്യാപകനുമായ വിജയന്‍ അപകടകരമായ കുഴിയുടെ സമീപത്തു ഒറ്റക്കാലില്‍ നിന്നു പ്രതിഷേധിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കലുങ്ക് തകര്‍ന്ന് റോഡില്‍ വലിയ കുഴി രൂപം കൊണ്ടത്. അതിനു ശേഷം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.