കാസര്‍കോട്: കോഴിക്കോട് കൊടുവള്ളിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ട ബന്തിയോട് മേര്‍ക്കള പരപ്പ ഹൗസിലെ സിദ്ദിഖിന്റെ ഭാര്യ തസ്ലീമ(28)യുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ നാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സന്ധ്യയോടെ വീട്ടിലെത്തിച്ച ശേഷം ഏരൂര്‍ പാച്ചാണി ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കും. സെപ്തംബര്‍ 24ന് രാത്രി കോഴിക്കോട് കൊടുവള്ളിയില്‍ വച്ചാണ് അപകടം ഉണ്ടായത്. വയനാട്ടില്‍ ഒരു കട സന്ദര്‍ശിച്ച ശേഷം രാത്രി മടവൂര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ പോകവേയാണ് അപകടം. കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തസ്ലീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് തസ്ലീമ മരണത്തിന് കീഴടങ്ങിയത്. ഇവരുടെ മക്കളായ തസ്ഫിയ (8), ഫാത്തിമ(4), തസ്ലീമയുടെ സഹോദരന്‍ അബ്ദുല്‍ ജമാല്‍ (27), ബന്ധു കുഞ്ഞാലിമ (30) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരില്‍ കുഞ്ഞാലിമയെയും ജമാലിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഭര്‍ത്താവ് സൗദിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. തസ്ലീമയുടെ അപകടമരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.