മംഗ്‌ളൂരു: തല്‍ക്കാലത്തേക്കു നല്‍കിയ മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ച വിരോധത്തില്‍ യുവാവിനെ വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പണമ്പൂര്‍, ഛോട്ടാബങ്കറെയിലെ ധര്‍മ്മരാജ് സുവര്‍ണ്ണ (50) യെ ആണ് പണമ്പൂര്‍ പൊലീസ് കോഴിക്കോട്, ചോമ്പാലയിലെ ഒളികേന്ദ്രത്തില്‍ നിന്നു അറസ്റ്റു ചെയ്തത്.
സെപ്തംബര്‍ 25ന് ആണ് കേസിനാസ്പദമായ സംഭവം. ബാഗല്‍കോട്ട, മുത്തുബസവരാജ് എന്ന പുതുക്കപ്പ (39)യാണ് കൊല്ലപ്പെട്ടത്. ബസവരാജ് തന്റെ മൊബൈല്‍ഫോണ്‍ തല്‍ക്കാലത്തേക്ക് ധര്‍മ്മരാജ് സുവര്‍ണ്ണയ്ക്കു കൈമാറിയിരുന്നു. ഫോണ്‍ തിരികെ ചോദിച്ച വിരോധത്തില്‍ അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം കേരളത്തിലേക്ക് രക്ഷപ്പെട്ട പ്രതി കോഴിക്കോട്, ചോമ്പാലയില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.