തമിഴ്നാട്ടിലെ കള്ളികുറിച്ചി ഉളുന്ദൂര്പേട്ടയില് നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര് മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.
തിരുച്ചെന്തൂര്‍ മുരുകന് ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം മമ്പാക്കം വാസൈപന്തലില്‍ നിന്നുള്ള 20 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. മേട്ടൂര്‍ ചെന്നൈ ത്രിച്ചി ജിഎസ്ടി റോഡിന് സമീപം ഉളുന്ദൂര്പ്പേട്ടയിലെത്തിയപ്പോഴാണ് മിനിബസ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മറ്റ് 16 പേരെ ആശുപത്രിയില്‍ എത്തിച്ചു. വാഹനം ഓടുന്ന സമയത്ത് ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കല്ലുറിച്ചി ജില്ലാ പൊലീസ് മേധാവി രജത് ചതുര്‍വേദി സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ട്രിച്ചി- ചെന്നൈ പാതയില്‍ ഗതാഗത തടസമുണ്ടായി.