കാസര്‍കോട്: ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പോയ മജിസ്‌ട്രേറ്റിനോട് അനാദരവ് കാട്ടിയതായി പരാതി. സുള്ള്യ ഗവ. ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ സുള്ള്യ പൊലീസ് കേസെടുത്തു. സെപ്തംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ദേലംപാടി സ്വദേശിനിയായ 29കാരിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. യുവതി സുള്ള്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് വിവരം മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയതായിരുന്നു. അവശനിലയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ എത്തിയതാണെന്നു മജിസ്‌ട്രേറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ അറിയിച്ചു. മൊഴിയെടുക്കുന്നതിനുള്ള സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രേഖാമൂലം എഴുതി നല്‍കാതെ മൊഴിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് സുള്ള്യ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതും കേസെടുത്തതും.
പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്. 19ന് വിഷം കഴിച്ച യുവതി 21നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.