കാസര്‍കോട്: വിദ്യാനഗറിലെ ഓഷ്യാനസ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ബേസ്‌മെന്റിലെ ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍ തീപിടിത്തം. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് തീയും പുകയും ഉയരുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എംകെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഷോര്‍ട്ട് സര്‍ക്യൂട്ട് ഭാഗത്ത് എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീയണച്ചു. വിവരമറിയിക്കാന്‍ സമയം വൈകിയിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനെയെന്ന് അഗ്നിശമന സേനാ അധികൃതര്‍ പറഞ്ഞു. 50 ഓളം കുടുംബങ്ങളാണ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഫ്‌ളാറ്റിനു വേണ്ടത്ര സുരക്ഷാ സംവിധാനമില്ലെന്ന പരാതിയുണ്ട്. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ സതീഷ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പിജി ജീവന്‍, അനീഷ് മാത്യൂ, കെ വിശാല്‍, അശ്വത്, ആകാശ് കിരണ്‍, എം രമേഷ, സോബിന്‍, ഫയര്‍ വുമണ്‍മാരായ ഒകെ അനുശ്രീ, കെ ശ്രീജിഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.