കാസര്‍കോട്: യാത്രക്കാരി ഓട്ടോയില്‍ മറന്നുവച്ച 40 പവന്‍ സ്വര്‍ണ്ണാഭരണം ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചു.
നായന്മാര്‍മൂലയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുസലാമാണ് യാത്രക്കാരി മറന്നുവച്ച സ്വര്‍ണ്ണം തിരിച്ചു നല്‍കി സത്യസന്ധതയുടെ അഭിമാനമായത്. എസ്.ടി.യു.വിന്റെയും മുസ്ലിം ലീഗിന്റെയും സജീവപ്രവര്‍ത്തകനാണ് അബ്ദുല്‍സലാം.
ഉളിയത്തടുക്ക ഇസ്സത്തുനഗറില്‍ നിന്നു ചാലയിലേക്കു ഓട്ടോയില്‍ കയറിയ സ്ത്രീയുടെ ബാഗ് യാത്രക്കിടയില്‍ മറന്നു പോവുകയായിരുന്നു. ഈ ബാഗില്‍ 40 പവന്‍ സ്വര്‍ണ്ണാഭരണമായിരുന്നു. സ്ത്രീ വീട്ടിലെത്തിയ ശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ഉടന്‍ നായന്മാര്‍മൂല ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ടു വിവരം കൈമാറി. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ വിവരം അവരുടെ ഗ്രൂപ്പിലിട്ടു. അന്വേഷണത്തില്‍ അബ്ദുല്‍സലാമിന്റെ ഓട്ടോയിലാണ് സ്ത്രീ യാത്ര ചെയ്തതെന്നു തിരിച്ചറിഞ്ഞു. ഓട്ടോയില്‍ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണാഭരണമടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചു.