മലയാള സിനിമയുടെ തലമൂത്തപ്പന്‍ നടന്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. ആറു പതിറ്റാണ്ടായി മധു എന്ന ചലചിത്രകാരന്‍ മലയാളികളുടെ മനസിലുണ്ട്. ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്‌ക്രീനില്‍ മധു നിറഞ്ഞുനിന്നു.
നാടകാഭിനയം തലയ്ക്ക് കയറിയതോടെ കോളേജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവന്‍ നായര്‍ എന്ന മധുവിന്റെ കലാരംഗ പ്രവേശനം. നാടകത്തില്‍ നിന്ന് സിനിമയിലേക്കും വൈകാതെ എത്തപ്പെട്ടു. നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്റെ വരവ്. ജോണ്‍ എബ്രഹാമും അടൂരും പി എന്‍ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു. ചെമ്മീന്‍, ഭാര്‍ഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം തുടങ്ങിയവ മികച്ച ചിത്രങ്ങളായിരുന്നു. അമിതാബ് ബച്ചന്റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലുമെത്തി മധു.
1970 ലെ പ്രിയ മുതല്‍ 1986 ലെ ‘ഉദയം പടിഞ്ഞാറ് വരെ’ തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കഴിഞ്ഞ ദിവസം അന്തരിച്ച കവിയൂര്‍ പൊന്നമ്മ കഴിഞ്ഞാല്‍ മലയാള ചലചിത്ര രംഗത്തെ ഇപ്പോഴും സജീവമായ ഏറ്റവും മുതിര്‍ന്ന ചലച്ചിത്രകാരനും അദ്ദേഹം തന്നെ. എം.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, സ്വയംവരത്തിലെ വിശ്വം തുടങ്ങിയവ മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളില്‍ ചിലത് മാത്രം. ഓളവും തീരവും, ഉമ്മാച്ചു,ഇതാ ഇവിടെവരെ, ഏണിപ്പടികള്‍, ഒറ്റയടിപ്പാതകള്‍, നാടുവാഴികള്‍,സ്പിരിറ്റ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി. അംഗീകാരങ്ങളുടെ പൊന്നാടകള്‍ക്കൊണ്ട് എത്ര മൂടിയാലും അതിന്റെ ധവളിമയില്‍ മതിമറന്നുപോകില്ല മധു എന്ന മലയാളത്തിന്റെ മധുസാര്‍. അതുതന്നെയാണ് മറ്റുള്ളവരില്‍നിന്ന് മധുവിനെ വ്യത്യസ്തനാക്കുന്നതും. പിറന്നാള്‍ ദിനത്തില്‍ മകള്‍ ഉമയും മരുമകന്‍ കൃഷ്ണകുമാറും ചേര്‍ന്ന് മധുവിന്റെ സിനിമാ ജീവിതത്തെകുറിച്ച് ഒരു വെബ് സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.