മംഗ്‌ളൂരു: വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 21 ലക്ഷം രൂപ വില വരുന്ന തിരുവാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടങ്ങള്‍ വച്ച പൂജാരി അറസ്റ്റില്‍. കുന്താപുരം, ഗങ്കൊള്ളി, കാര്‍വികേരി, ശ്രീമഹാകാളി ക്ഷേത്ര പൂജാരി ശിര്‍സിയിലെ നരസിംഹഭട്ടി(42)നെയാണ് അറസ്റ്റു ചെയ്തത്. മെയ് 16ന് ആണ് നരസിംഹഭട്ട് ക്ഷേത്രത്തില്‍ പൂജാരിയായി സ്ഥാനമേറ്റത്. നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച തിരുവാഭരണങ്ങള്‍ എടുത്ത് വൃത്തിയാക്കുന്നതിനിടയിലാണ് തട്ടിപ്പ് പുറത്തായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ സ്വര്‍ണ്ണമല്ലെന്നു സംശയം വന്നു. ഉടന്‍ ക്ഷേത്ര അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പൂജാരിയായ നരസിംഹ ഭട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. തിരുവാഭരണങ്ങള്‍ കൈക്കലാക്കി ബാങ്കില്‍ പണയപ്പെടുത്തിയതായും പകരം മുക്കുപണ്ടങ്ങളാണ് വച്ചതെന്നും പൂജാരി പൊലീസിനോട് സമ്മതിച്ചു.