കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് ഉറപ്പാക്കിയിരുന്നു. അതിനിടെ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
അതേസമയം, വീണ്ടും വന്ന മഴ തെരച്ചിലിന് വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും.