ബംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരുവിലെ ഒരു മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മി നീലമംഗല(29)യാണ് കൊല്ലപ്പെട്ടത്. നേപ്പാള്‍ സ്വദേശിയായ മഹാലക്ഷ്മി അഞ്ചുമാസം മുമ്പാണ് വിനായക നഗറിലെ വീട്ടില്‍ വാടകയ്ക്ക് താമസത്തിനെത്തിയത്. ഈ വീട് ഏതാനും ദിവസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിനകത്ത് വെട്ടി നുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 32 കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിനു അഞ്ചു ദിവസത്തെ പഴക്കം ഉള്ളതായാണ് പ്രാഥമിക നിഗമനം.
നേപ്പാള്‍ സ്വദേശിനിയായ മഹാലക്ഷ്മി അഞ്ചു വര്‍ഷം മുമ്പ് ഹേമന്ത് ദാസ് എന്നയാളെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ നാലു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിനോട് പിണങ്ങിയാണ് യുവതി വീട്ടില്‍ നിന്നു ഇറങ്ങി വിനായക നഗറിലെ വാടക വീട്ടില്‍ താമസിച്ച് മാളിലെ ജോലിക്ക് പോയിരുന്നത്. ഭര്‍ത്താവ് ഈ വീട്ടിലേയ്ക്ക് ഇടയ്ക്കിടെ വന്ന് പോയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതേസമയം കുറച്ച് ദിവസം മുമ്പ് ഒരു യുവാവ് മഹാലക്ഷ്മിക്കൊപ്പം വീട്ടില്‍ എത്തിയിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. പ്രസ്തുത യുവാവ് സഹോദരനാണെന്നാണ് മഹാലക്ഷ്മി പറഞ്ഞിരുന്നതെന്നു അയല്‍വാസി നല്‍കിയ മൊഴിയില്‍ പറയുന്നു.
ബംഗ്‌ളൂരു സെന്‍ഡ്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹാലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫോണ്‍ സെപ്തംബര്‍ രണ്ടാം തീയ്യതി മുതല്‍ സ്വിച്ച് ഓഫായിരുന്നുവെന്നു പരിശോധനയില്‍ വ്യക്തമായി. കൊലപാതകത്തിനു പിന്നില്‍ ഭര്‍ത്താവോ, സഹോദരനാണെന്നു പറഞ്ഞ് എത്തിയ യുവാവോ ആയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.