കാസര്‍കോട്: ടൂറിസം വികസനത്തിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനേയും കീഴൂര്‍ അഴിമുഖത്തേയും ബന്ധിപ്പിച്ച് കൊണ്ട് ഉല്ലാസ ബോട്ട് സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരി അഴിമുഖം കാണാന്‍ നിരവധി ആളുകള്‍ ദിവസവും തളങ്കര പടിഞ്ഞാര്‍ കുട്ടികളുടെ പാര്‍ക്കില്‍ എത്തുന്നുണ്ട്. ഉല്ലാസ ബോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. കൂടാതെ പഴയ ഹാര്‍ബറില്‍ ആധുനിക രീതിയില്‍ ഉള്ള ഓപ്പണ്‍ റിസോര്‍ട്ട് ഉണ്ടാക്കും. ഇവന്റുകള്‍ക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയില്‍ സ്‌റ്റേജും ഫോട്ടോ പോയിന്റും ഓപ്പണ്‍ ഓഡിറ്റോറിയവും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും. പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിനൊപ്പം മുനിസിപ്പല്‍ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.