-പി പി ചെറിയാന്‍
ഹൂസ്റ്റണ്‍(ടെക്‌സസ്): ഹൂസ്റ്റണിലെ കൊലപാതക പരമ്പരയില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തിയ ആള്‍ക്ക് ജീവപര്യന്തം കഠിനതടവ്. 2019ല്‍ നടന്ന കൊലപാതക പരമ്പരയില്‍ കുറ്റസമ്മതം നടത്തിയ ക്രിസ്ത്യന്‍ കവാസോസ് എന്ന 22കാരനാണ് തടവ് ശിക്ഷ വിധിച്ചത്. ഇയാള്‍ നടത്തിയ ചില കൊലപാതകങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് താന്‍ അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന് കവാസോസ് കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ജഡ്ജി ടെയ്വബെല്‍, കവാസോസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവന സമയത്ത് കവാസോസിന്റെ ഇരകളില്‍ മൂന്നുപേരുടെ മാതാക്കള്‍ കോടതിയിലെത്തിയിരുന്നു. കവാസോസിന്റെ നേതൃത്വത്തില്‍ 10k ഫ്രഡുകളെന്ന ഭീകരസംഘടനയുണ്ടെന്ന് ആരോപണമുണ്ട്. പ്രാദേശിക അധികാരികള്‍ ഹൂസ്റ്റണിലെ കൊലപാതക പരമ്പരകളെ കുറിച്ച് വര്‍ഷങ്ങളായി അന്വേഷിക്കുകയായിരുന്നു. കവാസോസിന്റെ വീട്ടില്‍ നിന്ന് വന്‍ ശക്തിയുള്ള റൈഫിളുകളും കൈത്തോക്കുകളും മയക്കുമരുന്നും ഇരുപതിനായിരത്തില്‍ അധികം ഡോളര്‍ പണവും പിടിച്ചെടുത്തിരുന്നു.