മംഗ്‌ളൂരു: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ നുകം കൊണ്ട് അടിച്ചു കൊന്ന യുവാവിനു ജീവപര്യന്തം തടവ് ശിക്ഷ. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന, നന്ദരബെട്ടുവിലെ ഐത്തപ്പ നായിക് എന്ന പുട്ടു നായികി(45)നെയാണ് മംഗ്‌ളൂരു ജില്ലാ സെഷന്‍സ് കോടതി (നാല്)ശിക്ഷിച്ചത്. 2022 മെയ് 10ന് ആണ് കേസിനാസ്പദമായ സംഭവം. ബാലപ്പ എന്ന രാമനായിക് (35)ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ഐത്തപ്പനായികും ബാലപ്പ നായികും പിതൃസഹോദരന്റെ വീട്ടില്‍ നിന്നു നടന്ന ഒരു പൂജയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കം മൂത്തതോടെ പ്രകോപിതനായ ഐത്തപ്പ നായിക് തൊഴുത്തില്‍ നിന്നു നുകമെടുത്ത് അനുജനായ ബാലപ്പയെ അടിച്ചുകൊന്നുവെന്നാണ് പൊലീസ് കേസ്. വിട്‌ള പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.