കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസിന്റെ തുടര്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. മയക്കുമരുന്നു വേട്ടയെക്കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി.
മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കറലിക്കു വലിയ സാമ്പത്തിക പശ്ചാത്തലമില്ല. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാളെ ഇടനിലക്കാരനാക്കിയാണ് മയക്കുമരുന്നു ഇടപാട് നടത്തിയതെന്നു സംശയിക്കുന്നു. സാമ്പത്തിക സഹായം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പണം ഇറക്കിയവരെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല-ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അസ്‌കറലിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും വാഹനങ്ങളും കണ്ടുകെട്ടും. പൊലീസിന്റെ കൂട്ടായ നീക്കത്തിലൂടെയാണ് ഇത്രയും വലിയ മയക്കുമരുന്നു വേട്ട നടത്തിയതെന്നും ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. മയക്കുമരുന്നു മാഫിയക്കെതിരെയുള്ള പൊലീസ് നടപടികള്‍ക്കു പൊതുജനങ്ങള്‍ മതിയായ സഹകരണം നല്‍കണമെന്ന് കൂട്ടിച്ചേര്‍ത്തു. പത്വാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 3.400 കിലോഗ്രാം എം.ഡി.എം.എ, 640 ഗ്രാം കഞ്ചാവ്, 96.96ഗ്രാം കൊക്കെയിന്‍, 30 ലഹരി ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം.
മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ്.ഐ നിഖില്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് ഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപന്‍ (മേല്‍പ്പറമ്പ്), സിവില്‍ പൊലീസ് ഓഫീസര്‍ വന്ദന (മഞ്ചേശ്വരം), എ.എസ്.ഐ മധു(മഞ്ചേശ്വരം), എ.എസ്.ഐ പ്രസാദ് (വിദ്യാനഗര്‍),സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ് (മഞ്ചേശ്വരം), എ.എസ്.ഐ സുമേഷ് രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ നിധീഷ് (മഞ്ചേശ്വരം), സിപിഒ പ്രശോബ് (മഞ്ചേശ്വരം), സിവില്‍ പൊലീസ് ഓഫീസര്‍ നിധിന്‍ (മഞ്ചേശ്വരം), എസ്.ഐ സലാം (മഞ്ചേശ്വരം) എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിധിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പോലീസ് എന്നും ജനത്തിന്റെ കൂടെ നില്ക്കുക ഇന്കനെയുള്ള drugs മാപിയകളെ ഇല്ലായ്മ ചെയ്യാന്
Please contact me for further Information
7356634003