ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്ക്. നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ നോര്‍ട്ട ഗ്‌ളോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ വയനാട് സ്വദേശിയായ ഇയാളുടെ കമ്പനി ഉള്‍പ്പെട്ടെന്നാണ് സംശയിക്കുന്നത്. പേജര്‍ സ്‌ഫോടനമുണ്ടായ ദിവസം മുതല്‍ 39 കാരനായ റിന്‍സനെ കാണാനില്ലെന്നാണ് വിവരം. അതേസമയം പേജറുകളിലും വാക്കി ടാക്കികളിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്. ഇതിനിടെ ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് നോര്‍വെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. തായ് വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയന്‍ കമ്പനിയായ ബിഎസിക്ക് നല്‍കിയെന്നുമാണ് തായ്വാന്‍ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍, തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപ കരാര്‍ നല്‍കിയിരുന്നുവെന്നുമാണ് കമ്പനി മറുപടി നല്‍കിയത്.
3000 പേജറുകള്‍ക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വര്‍ഷം ആദ്യം ഓര്‍ഡര്‍ നല്‍കിയിരുന്നു. കമ്പനി അയച്ച പേജറുകള്‍ ഹിസ്ബുല്ലയുടെ പക്കല്‍ എത്തും മുന്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് അനുമാനം. ചൊവ്വാഴ്ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്‌ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്ച വാക്കി-ടോക്കി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്‌ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്‌ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.