കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമല, അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ ജോബിന്‍സ് കെ. മൈക്കിളിന്റെ ഭാര്യ പത്തനംതിട്ട, തേങ്ങാപ്പാറ വീട്ടില്‍ ദര്‍ശന (30) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ശനയെ ഉടന്‍ ചെറുപുഴയിലെ ലീഡര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതി ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കാന്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നു പൊലീസ് പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ദര്‍ശന വ്യാഴാഴ്ച രാവിലെ വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായും പറയുന്നുണ്ട്.
ഗള്‍ഫിലായിരുന്ന ജോബിന്‍സ് രണ്ടാഴ്ച മുമ്പാണ് പിതാവ് മൈക്കിള്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ സ്വന്തം വീട്ടിലായിരുന്ന ദര്‍ശന ഭര്‍തൃപിതാവിന്റെ മരണത്തിനു ശേഷമാണ് കോട്ടമലയില്‍ എത്തിയത്. പിതാവിന്റെ മരണാനന്തര ചടങ്ങിനു ശേഷം ജോബിന്‍സ് ഇന്നു ഗള്‍ഫിലേക്ക് തിരികെ പോകാനിരിക്കെയാണ് ഭാര്യ ദര്‍ശന മരണപ്പെട്ടത്.