അവര്‍ എന്നെ തേടിയെത്തി

 

ഒരു വിവാഹച്ചടങ്ങു കഴിഞ്ഞ്, ഓഡിറ്റോറിയത്തില്‍ നിന്നും ഞാന്‍ പുറത്തേക്കിറങ്ങി നടക്കുകയായിരുന്നു.
പെട്ടെന്നാണ് പിന്നില്‍ നിന്ന് ‘മാഷേ..’എന്നൊരു വിളി കേട്ടത്.
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അല്‍പം ദൂരെ നിന്ന് ഒരാള്‍ എന്റെ അരികിലേക്ക് ഓടി വരുന്നു.
അത് കണ്ടപ്പോള്‍ നടത്തം നിര്‍ത്തി ഞാനവിടെ നിന്നു. ‘മാഷെ കണ്ടിട്ടാണ് ഞാനോടി വന്നത്, മാഷിന് എന്നെ ഓര്‍മ്മയുണ്ടോ?’ കിതപ്പിനിടയില്‍ അയാള്‍ എങ്ങനെയൊ ഒന്ന് പറഞ്ഞൊപ്പിച്ചു.
ആ ചോദ്യം കേട്ടപ്പോള്‍ ആളുടെ മുഖത്തേക്ക് ഞാനൊന്നുകൂടി ഒന്ന് സൂക്ഷിച്ചു നോക്കി. ഇല്ല, ഓര്‍മയുടെ ഒരറ്റത്ത് പോലും അയാളില്ല. പക്ഷേ അയാളെ നിരാശനാക്കാന്‍ എനിക്ക് തോന്നിയില്ല. പതിവു ശൈലിയില്‍ ഞാന്‍ പറഞ്ഞു.
‘മുഖം എവിടെയോ ഓര്‍മ്മയുണ്ട്. പക്ഷെ പേരും കാര്യങ്ങളൊന്നും ഓര്‍മ്മയിലില്ല.’അത് കേട്ടപ്പോള്‍ ആളൊന്ന് ചിരിച്ചു.
‘മാഷെ കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂളില്‍ മാഷെന്നെ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ചിട്ടുണ്ട്. ശ്രീധര വര്‍മ്മ എന്നാണ് എന്റെ പേര്. അന്നത്തെ എന്റെ പ്രിയപ്പെട്ട മാഷാണ് താങ്കള്‍.
കൂടെ പഠിച്ച കൂത്തൂര്‍ രാമചന്ദ്രന്‍ എന്നും പാടുന്ന പാട്ടുണ്ട് ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി…
മാഷ് ഓര്‍ക്കുന്നില്ലേ അത്.?’
സ്‌കൂള്‍ വാര്‍ഷികത്തിന് സ്റ്റേജ് നിര്‍മ്മിക്കാന്‍ അവന്റെ വീട്ടില്‍ നിന്ന് വാരിക്കഷണങ്ങള്‍ കൊണ്ടുവന്നതിന്റെ പേരില്‍ അവന് അമ്മാവന്റെ കയ്യില്‍ നിന്ന് അടി കിട്ടിയതും, മമ്മൂക്കാന്റെ മകള്‍ ബീപാത്തുന്റെ ഡാന്‍സും.
മാഷ് അതൊക്കെ മറന്നോ. അപ്പു, വിജയന്‍ പ്രഭാകരന്‍, തമ്പാന്‍ എല്ലാവരേയും എനിക്ക് ഓര്‍മ്മയുണ്ട്.’
അതൊക്കെ അയാളിങ്ങനെ അക്കമിട്ട് എനിക്ക് മുന്നില്‍ നിരത്തിയപ്പോള്‍, ആ ക്ലാസ്സ് മുറിയും ചുറ്റുപാടുകളും കുട്ടികളുടെ മുഖങ്ങളുമൊക്കെ ചെറുതായി ഓര്‍മ്മകളിലിങ്ങനെ വന്നു തുടങ്ങി. സന്തോഷമടക്കാന്‍ അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി
‘ഞാന്‍ എസ്. എസ്.എല്‍സിക്ക് ശേഷം പാല്‍ സപ്ലൈ ചെയ്യുന്ന ജോലിയിലായിരുന്നു. പിന്നെ മിലിട്ടറിയില്‍ 20 വര്‍ഷം.
അതും കഴിഞ്ഞ് ഗള്‍ഫില്‍. രണ്ട് ആണ്‍മക്കളുണ്ട്. രണ്ട് പേരും എഞ്ചിനീയര്‍മാരാണ്. വിദേശത്ത് ജോലി ചെയ്യുന്നു.
ഇപ്പൊ ഞാന്‍ സന്തോഷകരമായി ജീവിച്ചു പോകുന്നു മാഷെ.’ ഒരു മിനിട്ടു കൊണ്ട് ഒരു ജീവിതം മുഴുവന്‍ എനിക്ക് മുന്നില്‍ അയാള്‍ പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ അധ്യാപകനോട് സഞ്ചരിച്ച വഴികളൊക്കെ എണ്ണി പറഞ്ഞതാവും.
എങ്കിലും വല്ലാത്ത സന്തോഷം തോന്നി. കണ്ടപ്പൊ ഓടി വന്നല്ലോ.
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ആരെങ്കിലും ഇതുപോലെ തിരിച്ചറിയുന്നത് വല്ലാത്ത സന്തോഷം തന്നെയാണ്.
അങ്ങനെ 74 കാരനായ ഗുരുവിനെ കണ്ട 64കാരനായ ശിഷ്യന്‍, ഇനിയും കാണാമെന്ന വാക്ക് പറഞ്ഞു സന്തോഷത്തോടെ മടങ്ങി.

——————————————————————————————————

 


1974ല്‍ കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂളിലെ അഞ്ചാം ക്ലാസില്‍ ഞാന്‍ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട എന്‍.കെ. ശാന്തകുമാരി അമ്പത് വര്‍ഷം പിന്നിട്ട 17.09.24ന് കുടുംബ സമേതം എന്നെ കാണാന്‍ വന്നു. സന്തോഷാതിരേകത്താല്‍ ഞാന്‍ കരഞ്ഞു പോയ സന്ദര്‍ഭം. അന്ന് അഞ്ചാം ക്ലാസില്‍ അരപ്പാവാടയുടുത്ത് കൊച്ചു ബ്ലൗസുമിട്ട് എന്നും ചിരിച്ചു കൊണ്ട് പെണ്‍കുട്ടികളുടെ ബെഞ്ചില്‍ ഒന്നാമതിരിക്കുന്ന ആ പെണ്‍കുട്ടിയാണ് അമ്പത്താറിലെത്തിയ അമ്മൂമ്മയായി എന്റെ മുന്നിലെത്തിയത്. കൂടെ ഭര്‍ത്താവുണ്ട്. മക്കളുണ്ട്, കൊച്ചുമോനുമുണ്ട്. സമ്മാനമായി കൊണ്ടുവന്ന പുത്തനുടുപ്പ് സന്തോഷത്തോടെ കൈപ്പറ്റി. കൂടെ പഠിച്ചവരെക്കുറിച്ചും പഠിപ്പിച്ച അധ്യാപകരെക്കുറിച്ചും ശാന്ത വാതോരാതെ സംസാരിച്ചു. ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടിയില്‍ നിന്ന് പക്വതയാര്‍ന്ന വീട്ടമ്മയിലേക്കുള്ള മാറ്റം ഞാന്‍ കൗതുകത്തോടെ വീക്ഷിച്ചു. ഇത്രയും കാലം കഴിഞ്ഞിട്ടും ഓര്‍മ്മിക്കുകയും കാണാന്‍ വരികയും ചെയ്ത ശാന്തയുടെ നന്മമനസ്സിനെ എന്റെ ഹൃദയത്തില്‍ ഒന്നു കൂടി ചേര്‍ത്തുവെച്ചു. എന്റെ സഹപ്രവര്‍ത്തകനായ നാരു ഉണിത്തിരി മാഷിന്റെ മരുമകളാണ് ശാന്തകുമാരി. ഞാന്‍ പ്രസ്തുത സ്‌കൂളില്‍ ചേരുന്നതിന് മുന്നേ നാരു മാഷുടെ ശാന്തകുമാരി എന്ന് പേരുള്ള മകളും അവിടെ പഠിച്ചിരുന്നു. അവരെ എനിക്കറിയില്ല. ഇതിനിടെ ഒരു പഴയകാല സുഹൃത്തിനോട് നോര്‍ത്ത് സ്‌കൂളിലെ അധ്യാപകരെക്കുറിച്ചും അന്നത്തെ വിദ്യാര്‍ത്ഥികളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. കൂട്ടത്തില്‍ ഇന്ന് എന്നെ കാണാന്‍ വന്ന ശാന്തകുമാരിയെക്കുറിച്ചും സംസാരിച്ചു. സംസാരിച്ച വ്യക്തി എന്നോട് ദുഖത്തോടെ പറഞ്ഞു. അവള്‍ പോയി. എനിക്ക് വല്ലാത്ത ദുഃഖം തോന്നി. ഞാന്‍ പറഞ്ഞു ‘കഴിഞ്ഞ വര്‍ഷം കൂടി ഞങ്ങള്‍ ഫോണ്‍ വഴി സംസാരിച്ചിരുന്നല്ലോ? അവള്‍ പോയ വിവരം ആരും പറഞ്ഞില്ലല്ലോ? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ?’
രണ്ടാഴ്ച മുമ്പേ ശാന്തകുമാരിയുടെ അടുത്ത ബന്ധുവായ എന്റെ ശിഷ്യനെ കാണാനിടയായി. അവനാണ് പറഞ്ഞത് നിങ്ങളുടെ ശിഷ്യ ശാന്തകുമാരി ഊര്‍ജസ്വലയായി ഇന്നുമുണ്ട്. എന്റെ ചേട്ടന്റെ ഭാര്യയാണവര്‍. മരിച്ചു പോയത് നാരുമാഷുടെ മകള്‍ ശാന്തകുമാരിയാണ്. അവരെ നിങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടാവില്ല.
ഇക്കാര്യം അറിഞ്ഞപ്പോള്‍ സന്തോഷമായി. ആ ശാന്തകുമാരിയാണ് കുടുംബ സമേതം എന്നെ കാണാന്‍ വന്നത്. ഇക്കാര്യവും തമാശ രൂപത്തില്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗുരുശിഷ്യ ബന്ധം സ്‌നേഹസമൃദ്ധവും ബഹുമാനാദരവുകള്‍ കാത്തുസൂക്ഷിക്കുന്നതുമായിരുന്നു. അല്ലെങ്കില്‍ അരനൂറ്റാണ്ടിനപ്പുറമുള്ള ഓര്‍മ്മ മനസ്സില്‍ സൂക്ഷിച്ച് ഗുരുവിനെ കാണാന്‍ ശിഷ്യ എത്തില്ലല്ലോ? ശാന്തകുമാരിയുടെ സ്‌നേഹവും നന്മയും ഞാന്‍ വേണ്ടുവോളം ഉള്‍ക്കൊണ്ടു. മരിച്ചാലും മറക്കാത്ത ഊഷ്മളമായ സ്‌നേഹാദരവുകള്‍ കാത്തുസൂക്ഷിക്കുന്ന ശാന്തകുമാരിക്ക് എന്നും നന്മയേ വരൂ എന്ന് ആശീര്‍വദിച്ചു കൊണ്ട് അവളെ യാത്രയാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page