നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; യാത്രയായത് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ മുഖം

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്. പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്. ചാനലുകളിൽ ഒട്ടേറെ പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. ഗായികയായി മേഘതീർഥം എന്ന ചിത്രം നിർമിച്ചു. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം. പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സംഗീതസംവിധായകൻ ജി.ദേവരാജൻ നാടകത്തിൽ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താൽ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പതിനാലാം വയസ്സിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തിൽ അഭിനിയിച്ചത്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളിൽ‌ അഭിനയിച്ചു. പി.എൻ.മേനോൻ, വിൻസെന്റ്, എം.ടി.വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്.സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അഭിനയിച്ചു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്കാരങ്ങൾ 1971,1972,1973,1994 എന്നീ വർഷങ്ങളിൽ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്കാരം, പി.കെ റോസി പുരസ്കാരം, കാലരത്നം പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. സിനിമാ നിർമാതാവായിരുന്ന മണിസ്വാമിയാണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിർമാതാവായ മണിസ്വാമി സിനിമാ സെറ്റിൽ വച്ചാണ് വിവാഹഭ്യർഥന നടത്തിയത്. 1969 ൽ വിവാഹിതരായി. ഈ ബന്ധത്തിൽ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം മണിസ്വാമിയും കവിയൂർ പൊന്നമ്മയും വേർപിരിഞ്ഞു. എന്നിരുന്നാലും വാർധക്യത്തിൽ മണിസ്വാമി രോഗബാധിതനായപ്പോൾ 2011 ൽ അദ്ദേഹത്തിന്റെ മരണം വരെ കവിയൂർ പൊന്നമ്മയാണ് പരിചരിച്ചത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page