കാസര്‍കോട്: തമിഴ്‌നാട്, കോയമ്പത്തൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച എം.ബി.ബി.എസ്
വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുത്തിഗെ, മുഗുറോഡ് താഹാ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി കോയമ്പത്തൂരില്‍ ഉണ്ടായ അപകടത്തിലാണ് പുത്തിഗെ, കട്ടത്തടുക്ക, എ.കെ.ജി നഗര്‍ സ്വദേശിയും രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ എം.കെ മുഹമ്മദ് റാഷിദ് (21) മരണപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ചായിരുന്നു അപകടം. അപകടവിവരമറിഞ്ഞ് ബുധനാഴ്ച രാത്രി തന്നെ ബന്ധുക്കള്‍ ആംബുലന്‍സുമായി കോയമ്പത്തൂരിലേക്ക് പോയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയ മൃതദേഹവുമായി ബന്ധുക്കള്‍ വെള്ളിയാഴ്ച രാവിലെയാണ് തിരികെ എത്തിയത്. കളത്തൂര്‍ ജുമാമസ്ജിദില്‍ മയ്യത്ത് കുളിപ്പിച്ച ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിനു പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.തുടര്‍ന്നാണ് മുഹമ്മദ് റാഷിദിന്റെ മൃതദേഹം താഹാ ജുമാമസ്ജിദ് അങ്കണത്തിലേക്ക് എടുത്തത്. മകന്‍ അപകടത്തില്‍ മരണപ്പെട്ട വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന പിതാവ് അഹമ്മദ് വ്യാഴാഴ്ച രാവിലെ തന്നെ നാട്ടിലെത്തിയിരുന്നു.