കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചതിന് ഉപ്പളയിലെ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

 

കാസര്‍കോട്: വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റൊരു വകുപ്പില്‍ ഏഴു വര്‍ഷം തടവിനും വിധിച്ചു. ഉപ്പള, പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖി(35)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഹാറൂണ്‍ റഷീദ് ഒളിവിലാണ്. മൂന്നാം പ്രതിയായ മുഹമ്മദ് കുഞ്ഞി നേരത്തെ മരണപ്പെട്ടിരുന്നു.
2008 ആഗസ്ത് 24ന് രാത്രി ഉപ്പള, പൊസോട്ട് ദേശീയ പാതയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജമ്മി എന്ന സെമീറിന്റെ സുഹൃത്തായിരുന്ന ഉപ്പള, കീയൂരിലെ മുനീര്‍ അയല്‍വാസിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രസ്തുത യുവതിയെ കല്യാണം കഴിക്കാന്‍ മുനീര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തു. ഇതു മറി കടന്നു കൊണ്ട് കുഞ്ചത്തൂരിലുള്ള സഹോദരിയുടെ വീട്ടില്‍ വച്ച് നിക്കാഹ് ചെയ്തു. മുനീറിനു ഇതിനുള്ള സഹായങ്ങളൊക്കെ ചെയ്തു കൊടുത്തത് ഉപ്പള ഹിദായത്ത് നഗറിലെ ജമ്മി എന്ന സമീര്‍(26) ആയിരുന്നുവെന്നും ഇതിന്റെ പേരില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സെമിറിനോട് വിരോധം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
സംഭവദിവസം മുനീറും കൂട്ടുകാരും ജമ്മി എന്ന സമീറിന്റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞ് പൊസോട്ടു കാത്തിരുന്ന മൂന്നംഗ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി അക്രമിച്ചുവെന്നാണ് കേസ്. അക്രമത്തില്‍ സെമീറിന്റെ ഓട്ടോയില്‍ ഉണ്ടായിരുന്ന ബേക്കൂര്‍ സ്വദേശിയായ സമീറിനും നവവരനും സുഹൃത്തുമായ മുനീറിനും കുത്തേറ്റിരുന്നു. ജീവപര്യന്തം തടവിനു പുറമെ വധശ്രമത്തിനു ഏഴു വര്‍ഷത്തെ തടവിനും അരലക്ഷം രൂപ പിഴയടക്കാനും അബൂബക്കറിനെ കോടതി ശിക്ഷിച്ചു.
കൊലപാതകത്തിനു ശേഷം മംഗ്‌ളൂരു എയര്‍പോര്‍ട്ട് വഴി ഒന്നാം പ്രതിയായ അബൂബക്കര്‍ സിദ്ദിഖ് ഗള്‍ഫിലേക്കു കടന്നു. പിന്നീട് 2012ല്‍ കുമ്പള സി.ഐയായിരുന്ന ടി.പി രഞ്ജിത്ത് ആണ് ഇയാളെ അറസ്റ്റു ചെയ്തത്. പിന്നീട് കുമ്പള സി.ഐ ആയിരുന്ന കെ. ദാമോദരന്‍ അന്വേഷിച്ച കേസ് ഇപ്പോഴത്തെ കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സിബി തോമസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page