കാസര്‍കോട്: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസിനകത്ത് ആരംഭിച്ച മില്‍മാ ബൂത്തും ഉപയോഗശൂന്യമാവുന്നു. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് ആര്‍ക്കും വേണ്ടതായ പഴയ ബസില്‍ ആരംഭിച്ച മില്‍മ ബൂത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു. സര്‍വീസില്‍ നിന്നല്ലാതെ വരുമാനം ഉണ്ടാക്കുന്നതിനായാണ് കെ.എസ്.ആര്‍.ടി.സി മില്‍മയുമായി ചേര്‍ന്ന് ആധുനിക രീതിയില്‍ മില്‍മ ബൂത്ത് തുടങ്ങിയത്. കെഎ.സ്.ആര്‍.ടി.സിയുടെ ഉപയോഗശൂന്യമായ ബസിനകത്താണ് മില്‍മ ഫുഡ് ട്രക്ക് തുടങ്ങിയത്. മറ്റ് ജില്ലകളില്‍ വിജയകരമായി മുന്നോട്ടുപോകുന്ന മില്‍മയുടെ ഫുഡ് ട്രക്ക് കെ.പി.ആര്‍.റാവു റോഡില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഒന്നരവര്‍ഷം മാത്രമാണ് പ്രവര്‍ത്തിച്ചത്. വില്‍പന നടത്തിയിരുന്ന കെഎസ്ആര്‍ടിസി എംപ്ലോയീസ് സഹകരണസംഘത്തിന്റെ കരാര്‍ കാലാവധി തീര്‍ന്നതോടെയാണ് പ്രവര്‍ത്തനം നിലച്ചത്. പുതിയ കരാറുകാരെ കിട്ടുന്നില്ല. കരാറെടുക്കാന്‍ ആളെ കിട്ടിയാല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് മില്‍മ കാസര്‍കോട് ഡെയറി അധികൃതര്‍ പറയുന്നു. 2022 ഒക്ടോബര്‍ 17 നാണ് ട്രക്ക് ഉദ്ഘാടനം ചെയ്തത്. ബസിന് നിറം പൂശി പുത്തന്‍ വാതിലുകളൊക്കെ ഒരുക്കിയായിരുന്നു ബൂത്ത് തുടങ്ങിയത്. എട്ട് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ടാക്കി. അഞ്ച് ലക്ഷം രൂപയോളം അതിന് ചെലവാക്കുകയും ചെയ്തു. മില്‍മയുടെ പാല്‍, തൈര്, നെയ്, പനീര്‍, ലസി, ചീസ്, ഐസ്‌ക്രീം, സംഭാരം എന്നിവ കൂടാതെ 74 ഓളം ഉത്പന്നങ്ങള്‍ വില്‍പനയ്ക്കുണ്ടായിരുന്നു. പാലക്കാട്, പെരിന്തല്‍മണ്ണ, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഫുഡ് ട്രക്ക് നേരത്തേയുണ്ട്. മലബാറിലെ നാലാമത്തെ ഫുഡ് ട്രക്കെന്ന നിലയിലായിരുന്നു കാസര്‍കോട്ടു ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ഫുഡ് ട്രക്കിന്റെ പ്രവര്‍ത്തനം നിലച്ചെങ്കിലും എല്ലാ മാസവും കെഎസ്ആര്‍ടിസിക്ക് മില്‍മ വാടക നല്‍കുന്നുണ്ട്. അതിനാല്‍, കരാറെടുക്കാന്‍ ആളില്ലെങ്കില്‍ ഫുഡ് ട്രക്ക് ഒഴിവാക്കാനും സാധ്യതയുണ്ട്. നഗരസഭയുടെ അംഗീകാരമുള്ള രണ്ട് സ്റ്റാളുകള്‍ ഫുഡ് ട്രക്കിന് മുന്‍പില്‍ ഇരുവശത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വശത്ത് പഴ-സ്റ്റാളും മറുവശത്ത് കാസര്‍കോട് നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ നഗരചന്തയും രണ്ട് സ്റ്റാളുകള്‍ക്കുമിടയില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ ഫുഡ് ട്രക്ക് കാഴ്ചയില്‍ നിന്ന് മറഞ്ഞു. കെഎസ്ആര്‍ടിസി യുടെ മില്‍മ ബൂത്തിനു ചുറ്റും കാടു വളര്‍ന്നു. മാലിന്യങ്ങളും കുന്നുകൂടുന്നുണ്ട്.