ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ 100 ദിനത്തിനിടയില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനത്തിനും15 ലക്ഷം കോടി രൂപ വിനിയോഗിച്ചെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ഡോ.എല്‍ മുരുഗന്‍ പറഞ്ഞു. വനിതാ വികസനം, പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ ദരിദ്രജന വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനും നൂറുദിവസത്തിനുള്ളില്‍ 15 ലക്ഷം കോടി രൂപ നരേന്ദ്രമോദി സര്‍ക്കാര്‍ വിനിയോഗിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കാര്‍ഷീക മേഖലയില്‍ ഈക്കാലയളവില്‍ മൂന്നുലക്ഷം കോടിരൂപ അനുവദിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില അഞ്ചുശതമാനത്തില്‍ നിന്നു 12.7 ശതമാനമായി വര്‍ധിപ്പിച്ചു. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയുടെ 17-ാം ഗഡുവില്‍ നിന്ന് 9.3 കോടി കര്‍ഷകര്‍ക്ക് 20000 കോടി രൂപ വിതരണം ചെയ്തു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി രാജ്യവ്യാപകമായി 100 ദിവസത്തിനുള്ളില്‍ മൂന്നുകോടി വീടുകള്‍ നിര്‍മിച്ചുകൊടുത്തു- മന്ത്രി മുരുഗന്‍ വിശദീകരിച്ചു. എല്ലാമേഖലയിലുമുള്ള ജനങ്ങളുടെയും പുരോഗതി ഉറപ്പാക്കുന്നതിലുള്ള മോദി സര്‍ക്കാരിന്റെ പ്രതിബന്ധതയ്ക്കു തെളിവാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.