കാസര്‍കോട്: ബോവിക്കാനം, പൊവ്വലിലെ നബീസ(59)യെ മകന്‍ അബ്ദുല്‍ നാസര്‍ (42) വീട്ടിനകത്തു വച്ച് മണ്‍വെട്ടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ കൊല നടന്നത്. വീടിന്റെ വാതിലുകള്‍ അകത്തു നിന്നു അടച്ച ശേഷമാണ് നബീസയുടെ തലയില്‍ മണ്‍വെട്ടി കൊണ്ട് അടിച്ചത്. ഈ സമയത്ത് മറ്റൊരു മകനായ അബ്ദുല്‍ മജീദ് വീട്ടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു. മാതാവിന്റെ കരച്ചില്‍ കേട്ടാണ് മജീദ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ മാതാവ് നിലത്തു കിടക്കുന്നതാണ് കണ്ടത്. നിലത്ത് രക്തം പരന്ന നിലയിലും കാണപ്പെട്ടു. ഈ സമയത്ത് മണ്‍വെട്ടിയുമായി നില്‍ക്കുകയായിരുന്ന അബ്ദുല്‍ നാസര്‍ സഹോദരനു നേരെയും തിരിഞ്ഞു. മണ്‍വെട്ടി പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയില്‍ അബ്ദുല്‍ മജീദിനും പരിക്കേറ്റു. ബഹളം കേട്ട് ഓടിയെത്തിയവരാണ് നബീസുമ്മയേയും അബ്ദുല്‍ മജീദിനെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നബീസയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വിവരമറിഞ്ഞ് എത്തിയ ആദൂര്‍ പൊലീസ് അബ്ദുല്‍ നാസറിനെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയോടെ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. മൃതദേഹം ബുധനാഴ്ച ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. പൊവ്വല്‍ ജുമ മാസ്ജിദ് ഖബര്‍സ്ഥാനിലാണ് കബറടക്കം. കൊലപാതക വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനില്‍ കുമാര്‍, ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനിമോന്‍ എന്നിവര്‍ പൊവ്വലിലെ വീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പൊവ്വലിലെ വീട്ടിലേക്ക് എത്തിയിരുന്നു.