കാസര്‍കോട്: ദേശീയ കബഡി താരവും കബഡി അധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടി സ്വദേശിനി പ്രീതിയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എ മനോജ് വിവിധ വകുപ്പുകളില്‍ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
ഒന്നാം പ്രതി ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, മാതാവ് ശ്രീലത എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതിയായിരുന്ന രാകേഷ് കൃഷ്ണയുടെ പിതാവ് ടി കെ രമേശന്‍ വിചാരണക്കിടയില്‍ മരണപ്പെട്ടിരുന്നു. ഒന്നാം പ്രതി രാകേഷ് കൃഷ്ണയ്ക്ക് 306 വകുപ്പ് പ്രകാരം ഏഴുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. മൂന്നാംപ്രതി ശ്രീലതയ്ക്ക് 306 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. കൂടാതെ ഒന്നാംപ്രതിക്കും മൂന്നാം പ്രതിക്കും 498 എ വകുപ്പ് പ്രകാരം രണ്ടുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
2017 ആഗസ്ത് 18 നാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഹാളിലെ സ്റ്റെയര്‍കെയ്സിന്റെ കൈവരിയില്‍ ചൂരിദാര്‍ ഷാളില്‍ പ്രീതി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്ന് പ്രീതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്ഐയായിരുന്ന എ ദാമോദരനാണ് അന്വേഷിച്ചത്. കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരന്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി. ബള്ളൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപികയായിരുന്ന പ്രീതി നിരവധി ദേശീയ മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞിരുന്നു.