കാസര്‍കോട്: കിണറില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കരുത്ത് കാട്ടി കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വുമണ്‍ കെ ശ്രീജിഷയാണ് 40 അടി ആഴവും മൂന്നടി വെള്ളവുമുള്ള കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പെരിയടുക്ക ബദര്‍ മന്‍സിലെ ഇബ്രാഹീമിന്റെ വീട്ടുപറമ്പിലെ കിണറില്‍ വീണ ആട്ടിന്‍ കുട്ടിയെയാണ് ഇവര്‍ സാഹസീകമായി ഇറങ്ങി രക്ഷപ്പെടുത്തിയത്. വീട്ടുകാരുടെ വിവരത്തെ തുടര്‍ന്നാണ് കാസര്‍കോട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സിധീഷിന്റെ നേൃത്വത്തില്‍ രക്ഷാസംഘമെത്തിയത്. ശ്രീജിഷ റസ്‌ക്യൂ നെറ്റില്‍ ഇറങ്ങി സുരക്ഷിതമായി ആട്ടിന്‍കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മുന്നാട് സ്വദേശിനിയാണ് ശ്രീജിഷ. ആദ്യമായാണ് കിണറിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആറുമാസം മുമ്പാണ് ട്രെയിനിയായി കാസര്‍കോട് ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ട്രെയിനിങ് പിരീഡ് പൂര്‍ത്തിയായി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പിജി ജീവന്‍, എസ് അരുണ്‍കുമാര്‍, ഹോംഗാര്‍ഡ് വിജിത് നാഥ്, ഡ്രൈവര്‍ രമേശ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.