കാസർകോട്: കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ്ബ് ജംഗ്ഷൻ വരെ റോഡിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. അതിനാൽ സെപ്റ്റംബർ 19 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചെന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. അതിനാൽ വാഹനങ്ങൾ ദേശീയപാത വഴി കടന്നുപോകണം. വാഹനങ്ങൾ ദേശീയപാത വഴി കടന്നു പോകുമ്പോൾ ഗതാഗതക്കുരുക്കു ഇരട്ടിയാവും. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ എല്ലാ സമയത്തും ഗതാഗതകുരുക്കാണ്. രാവിലെയും വൈകുന്നേരവും വിദ്യാനഗറിൽ നിന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിലേക്ക് എത്തണമെങ്കിൽ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയം വേണ്ടി വരുന്നുണ്ട്. സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഇനി ദേശീയപാത വഴി തിരിച്ചുവിടുമ്പോൾ യാത്രക്കാർ ഏറെ ദുരിതത്തിലാവും. ഇത്തവണ മഴ തുടങ്ങിയതിനു ശേഷം ഒന്നിലേറെത്തവണ ചന്ദ്രഗിരിപ്പാലത്തിനടുത്തെ കുഴികൾ നികത്തിയിരുന്നു. എന്നാൽ മഴ ശക്തമായതോടെ ഉറവയിലൂടെ റോഡിലെ കുഴിയും ആഴവും വർദ്ധിച്ചിട്ടുണ്ട്. ഭാരമേറിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഇതിലൂടെ പോകുന്നതോടെ കുഴികളുടെ വലുപ്പം കൂടി. ചന്ദ്രഗിരിപ്പാലത്തിനടുത്ത് ഇന്റർലോക്ക് ചെയ്തിരിക്കുന്നതിന്റെ സമീപത്താണ് കുഴികൾ ഏറെയുള്ളത്. ഇരുചക്രവാഹന യാത്രക്കാരാണ് കുഴിയിൽ വീഴുന്നത്.