കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നു ലഭിച്ച പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന ആരംഭിച്ചത്. അതിര്‍ത്തി കടന്നെത്തുന്നതും കടന്നു പോകുന്നതുമായ മുഴുവന്‍ വാഹനങ്ങളെയും വിശദമായി പരിശോധിച്ച ശേഷ മാത്രം പോകാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
തലപ്പാടി, പെര്‍ള, ആദൂര്‍, പാണത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കെദുമ്പാടി, ആനക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
കര്‍ണ്ണാടകയിലെ മാണ്ട്യ, നിലമംഗലത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതികളായി അറസ്റ്റിലായവരില്‍ രണ്ടു പേര്‍ മലയാളികളാണ്. ഇവരെ കൂടാതെ കൂടുതല്‍ മലയാളികള്‍ അക്രമ സംഭവങ്ങളില്‍ സംബന്ധിച്ചിട്ടുണ്ടെന്ന സംശയം കര്‍ണ്ണാടക പൊലീസിനുണ്ട്. നിലമംഗലത്തുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ മറ്റു ചില സ്ഥലങ്ങളിലും നേരിയ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. ചിക്മംഗ്‌ളൂരുവില്‍ പാലസ്തീന്‍ പതാകയുമായി ഒരു യുവാവ് ബൈക്കില്‍ സഞ്ചരിച്ച സംഭവവും ഉണ്ടായി. ഇതു സംബന്ധിച്ച് ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ.ക്ക് കൈമാറുമെന്നാണ് സൂചന.
