മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ മങ്കി പോക്‌സ് ലക്ഷണത്തോടെ യുവാവ് ചികിത്സയിൽ. ദുബൈയിൽ നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പനിയും തൊലിയിൽ ചിക്കൻപോക്സിനും സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്.യുവാവിൻ്റെ സ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മങ്കിപോക്സെന്ന സൂചനയും പുറത്തുവരുന്നത്. സെപ്റ്റംബർ 9ന് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർ കൺട്രോൾ സെല്ലിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 175 പേരടങ്ങിയ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. പ്രൈമറി കോൺടാക്റ്റ് പട്ടികയിൽ 126 പേർ. സെക്കൻഡറി കോൺടാക്റ്റ് പട്ടികയിൽ 49 പേരുമുണ്ട്. പ്രൈമറി പട്ടികയിൽ ഉള്ള 104 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവർ. സമ്പർക്കപ്പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.