‘അന്തോണി നീയും അച്ഛനായോടാ.?’
മറിയാമ്മ ചേട്ടത്തി അത്ഭുതത്തോടെ ചോദിച്ചുപോയി. വെളുത്ത ളോഹധാരിയെ കണ്ടാല്‍ വികാരി അച്ചനാണ്, പള്ളിയിലെ വൈദികന്‍ ആണെന്നല്ലേ തോന്നുക.
പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥ ചുരുക്കി പറയാം: ഒരു പാവപ്പെട്ട വിധവ. മകള്‍ അന്നക്കുട്ടിക്ക് നാലു വയസ്സുള്ളപ്പോള്‍ പിതാവിനെ കര്‍ത്താവ് വിളിച്ചു. വിധവയായ ചേട്ടത്തി കൂലിപ്പണിയെടുത്ത് വളരെ കഷ്ടപ്പെട്ട് മകളെ വളര്‍ത്തി. അന്നക്കുട്ടിക്ക് വിവാഹപ്രായമായി. കെട്ടിച്ചയക്കണമെങ്കില്‍ സ്ത്രീധനം കൊടുക്കേണ്ടേ? ചെറുക്കന്‍ വീട്ടുകാര്‍ ചോദിക്കുന്ന പൊന്നും പണവും?അതിന് നിവൃത്തിയില്ല. സഹായിക്കാന്‍ ബന്ധുക്കളില്ല.
അന്നക്കുട്ടിക്ക് വയസ്സ് കൂടിക്കൂടി വരുന്നു. സമപ്രായക്കാരികള്‍ എല്ലാം വിവാഹിതരും മൂന്നുനാലും മക്കളുടെ അമ്മമാരും ആയി. ‘ഒന്നുമായില്ലേ? ആരും വന്നില്ലേ?’ അയല്‍ക്കാരുടെ ചോദ്യം. അവള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു. അവര്‍ക്ക് എന്തോ ഒരു ‘ഇളക്കം’. ‘ബാധ’ കൂടിയത് പോലെ. ഇടവക പള്ളിയിലെ വികാരിയച്ചന്‍ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചാല്‍ ബാധ ഒഴിയും. ചേട്ടത്തി കേട്ടിട്ടുണ്ട്. ഒരു ദിവസം മകളെയും കൂട്ടി മറ്റാരുമില്ലാത്ത നേരത്ത് ചേട്ടത്തി പള്ളിയിലെത്തി. അച്ചനോട് മകളുടെ കാര്യം പറഞ്ഞു. ചെറുപ്പക്കാരനായ അച്ചന്‍ അന്നകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചു. അവള്‍ ചെന്നു. കുറെ നേരം കഴിഞ്ഞ് വരാന്‍ പറഞ്ഞു ചേട്ടത്തിയെ വീട്ടിലേക്ക് വിട്ടു. അച്ചന്‍ മുറിയുടെ വാതിലടച്ചു. വൈകുന്നേരം ചേട്ടത്തി വന്നു. മകള്‍ക്ക് ഒരു ഉന്മേഷം. രണ്ടു മൂന്നാഴ്ച കഴിഞ്ഞ് അല്ലെങ്കില്‍ ഇനിയും ഇളക്കം കണ്ടാല്‍ വീണ്ടും വരാന്‍ പറഞ്ഞു. അത് ആവര്‍ത്തിച്ചു. ഇങ്ങനെ ബാധ ഒഴിപ്പിക്കല്‍ തുടര്‍ന്നു. ഒരു ദിവസം ചെന്നപ്പോള്‍ പള്ളിയില്‍ അച്ചനില്ല. കപ്യാര്‍ അന്തോണി പറഞ്ഞു. അച്ഛന്‍ അടുത്ത് ഒരിടത്ത് പോയിട്ടുണ്ട്. ഇപ്പം വരും ചേട്ടത്തി വീട്ടിലേക്ക് പൊയ്ക്കോളൂ മകള്‍ അകത്ത് ഇരിക്കട്ടെ. ചേട്ടത്തി പണി സ്ഥലത്തേക്ക് പോയി. ഉച്ചകഴിഞ്ഞ് ചേട്ടത്തി പള്ളിയില്‍ വന്നു വാതിലില്‍ മുട്ടി. അന്നക്കുട്ടി വാതില്‍ തുറന്ന് പുറത്തുവന്നു. പിന്നാലെ ളോഹധാരിയായ കപ്യാര്‍ അന്തോണിയും. അന്നേരം ചേട്ടത്തി ചോദിച്ചതാണ് ‘അന്തോണി നീയും അച്ചനായോ’ (കഥാപാത്രങ്ങളുടെ പേര് വേറെ)
പള്ളികളിലെ വൈദികന്മാരുടെ ബാധ അകറ്റല്‍ പരിപാടി ഇപ്പോഴും തുടരുന്നു. കുമ്പസാരം എന്ന കൂദാശ നിര്‍വഹിക്കാനായി പള്ളിയിലെ കുമ്പസാരക്കൂട്ടില്‍ ചെല്ലുന്നവര്‍ക്കും അച്ചന്റെ തലോടല്‍; അതിനപ്പുറവും. കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ പാടില്ല. അക്ഷന്തവ്യമായ പാപം. അതാണ് വിശ്വാസം. കുമ്പസാര കൂട്ടിന് പുറത്ത് കുമ്പസാരിപ്പിക്കുന്ന അച്ചന്മാരും ഉണ്ടത്രേ. ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ മടിയില്‍ ഇരുത്തി സര്‍വവാംഗം തലോടിക്കൊണ്ട് കുമ്പസാരിപ്പിക്കുന്ന അച്ചന്മാരെ കുറിച്ചും കേട്ടിട്ടുണ്ട്. പുറത്തുപറഞ്ഞാല്‍ പള്ളിവിലക്ക്; ഭ്രഷ്ട്, മാനഹാനി.
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയുടെ പാപമോചന പരിപാടി ഒരുകാലത്ത് തുടരന്‍ വാര്‍ത്തകളായിരുന്നല്ലോ. നാട്ടിലെ ഇടവക പള്ളിയില്‍ തുടങ്ങിയ സ്ഥിരം കുമ്പസാരപ്പരിപാടി. തന്റേടമുള്ള ചില സ്ത്രീകള്‍ ചെറുത്തു. കുമ്പസാരത്തിന്റെ മറവില്‍ അച്ചന്‍ നടത്തിയ വിക്രിയകള്‍ പുറത്തുപറഞ്ഞു. എന്നിട്ടും അധികാരികള്‍ ഒന്നും ചെയ്തില്ല. പ്രതിഷേധിച്ച് അവരെ പള്ളിയില്‍നിന്ന് പുറത്താക്കി. കന്യാസ്ത്രീയായ ഒരു അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അച്ചടക്കലംഘനത്തിന്റെ പേരില്‍. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
വയനാട്ടിലെ ഒരു വൈദികന്‍, പള്ളി വക സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ എന്നുപറഞ്ഞ്, സ്‌കൂള്‍ ലാബിലേക്ക് വിളിച്ചുവരുത്തി അനാശാസ്യം നടത്തി. ഇത് സ്ഥിരം പരിപാടിയാക്കി. ആ പെണ്‍കുട്ടിക്ക് സംഭവിക്കാവുന്നത് സംഭവിച്ചു. അവള്‍ ഗര്‍ഭിണിയായി. ആരാണ് ഉത്തരവാദി എന്ന് ചോദിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയത് സ്വന്തം പിതാവിനെ. വൈദികന്റെ പ്രേരണ. പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കുറ്റം ചുമത്തി കോടതി ശിക്ഷിച്ചു. ആ പാവം നിരപരാധി ജയിലിലായി. പെണ്‍കുട്ടി പ്രസവിച്ചു. കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ സത്യം വെളിപ്പെട്ടു;
കുഞ്ഞിന്റെ ജനയിതാവ് പെണ്‍കുട്ടിയുടെ അച്ഛനല്ല, അച്ചനാണ്. വികാരിയച്ചന്‍. അയാള്‍ തുറുങ്കിലടക്കപ്പെട്ടു. ഇത്രയെല്ലാം നടന്നിട്ടും സഭാമേധാവികളും സത്യവിശ്വാസികളും രാഷ്ട്രീയക്കാരും നിശബ്ദം. മാധ്യമവിചാരണകളും അധികമുണ്ടായില്ല.
അറുപതുകളില്‍ സമാനമായ നാമങ്ങളില്‍ രണ്ട് സിനിമകളിറങ്ങുകയുണ്ടായി. മൈനത്തരുവി കൊലക്കേസ്, മാടത്തരുവി കൊലക്കേസ്. ഒരു ഇടവക വൈദികന്റെ ലൈംഗിക പീഡനങ്ങളും പള്ളിമുറിയില്‍ നടന്ന അനാശാസ്യങ്ങളും മറച്ചുവക്കാന്‍ നടത്തിയ കൊലപാതകവും ആണ് ഇതിവൃത്തം. യഥാര്‍ത്ഥ സംഭവം. പീഡകനായ വൈദികനെ സഹനമൂര്‍ത്തിയായ പുണ്യാളനായി പ്രഖ്യാപിക്കാന്‍ പിന്നാലെ ശ്രമം. തല്‍പരകക്ഷികള്‍ സഭയുടെ അഭിമാനം രക്ഷിച്ചു.
സോണിയാദൂഗല്‍ എന്ന ഇറ്റാലിയന്‍ കന്യാസ്ത്രീ രചിച്ച നണ്‍ റണ്ണേഴ്സ്, കന്യാവാണിഭക്കാര്‍ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദൈവവിളി കിട്ടി എന്ന് പറഞ്ഞ് വിദേശത്തെ കോണ്‍വെന്റുകളിലേക്ക് കയറ്റി അയക്കപ്പെട്ട മലയാളി പെണ്‍കുട്ടികളുടെ പീഡന ദുരിതകഥകള്‍-കഥയല്ല, യഥാര്‍ത്ഥത്തില്‍ നടന്നത്. പള്ളി മേധാവികളോ രാഷ്ട്രീയക്കാരോ ഒന്നും അറിഞ്ഞിട്ടില്ലെന്ന ഭാവം. ദൂഗല്‍ തിരികെ നാട്ടിലെത്തിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ സ്വീകരിക്കാന്‍ മടിച്ചു. അല്ല, ഭയപ്പെട്ടു. സഭാഭ്രഷ്ട് എന്ന ഭീഷണി ഭയന്ന്.
മുരിങ്ങൂര്‍ ധ്യാന കേന്ദ്രം-ദുരന്തഭൂമിയായി. എണ്ണൂറോളം ശവക്കുഴികള്‍ എന്നാണ് കുഴിവെട്ടുകാരന്‍ പറഞ്ഞത്. അയാളും കുഴിയിലായി. ജസ്റ്റിസ് പത്മനാഭന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും കുഴിയിലായി. റിപ്പോര്‍ട്ട് പരസ്യമാക്കണം. നടപടിയെടുക്കണം എന്ന് ആരും ആവശ്യപ്പെട്ടില്ല. വോട്ടു രാഷ്ട്രീയത്തില്‍ സഭയുടെ ശക്തി അപാരം.
സിസ്റ്റര്‍ ജസ്മി-സഭയുടെ നിയന്ത്രണത്തിലുള്ള കോളേജിലെ പ്രിന്‍സിപ്പല്‍. അവരുടെ നേരനുഭവങ്ങള്‍ ആമേന്‍ എന്ന ആത്മകഥയില്‍ വായിക്കാം. വൈദികരുടെ പീഡനം ചെറുക്കാന്‍ ശ്രമിച്ചാല്‍ മനോരോഗിയെന്ന് സാക്ഷ്യപ്പെടുത്തി ഭ്രാന്താശുപത്രിയിലാക്കും. പിന്നെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍. ഒടുവില്‍ സിസ്റ്റര്‍ ജസ്മി അതിസാഹസികമായി സഭാവസ്ത്രം ഉപേക്ഷിച്ച് ഒരു വിധം രക്ഷപ്പെട്ടു.
ഏതെങ്കിലുമൊരു പ്രത്യേക മതക്കാര്‍ക്കിടയില്‍ മാത്രം നടക്കുന്നതല്ല ഇതെല്ലാം. ആരും ഒന്നും വ്യത്യസ്തമല്ല. ചില ആശ്രമങ്ങളും മഠങ്ങളും മദ്രസകളും ഇക്കാര്യത്തില്‍ സമാനം. സാര്‍വ്വദേശീയം. ഇപ്പോഴത്തെ മാര്‍പ്പാപ്പ മാപ്പ് പറഞ്ഞു കൊണ്ടേയിരിക്കുന്ന പാപ്പയായി എന്ത് ഫലം?.
ആത്മീയ, രാഷ്ട്രീയ മേഖലകളിലും പീഡനം പീഡനം തന്നെ. ക്രൂരാല്‍ക്രൂരതരമായ ലൈംഗിക പീഡനങ്ങള്‍. അന്വേഷണം നടത്താനും തുടര്‍ നടപടികളെടുക്കണമെന്ന് പറയാനും റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ ഇല്ലാത്തത് പോലെ. രാഷ്ട്രീയക്കാര്‍ക്കുമില്ലേ പ്രതിഷേധം. വോട്ട് ബാങ്ക്-അതാണ് കാര്യം. അതല്ലേ വലുത്? മറ്റൊന്നും പ്രതീക്ഷിച്ചുകൂടാ തല്‍ക്കാലം.