അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിച്ച് ഡാലസിലെ തിരുവോണാഘോഷം; നിറഞ്ഞ മനസ്സോടെ നന്ദി പറഞ്ഞ് സംഘാടകര്‍

 

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു ആളുകളുടെ പങ്കാളിത്തം കൊണ്ടും മേന്മയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും വ്യത്യസ്തമായി.
നയനമനോഹരമായ പൂക്കളം, സ്വാദിഷ്ടമായ ഓണസദ്യ, ആഹ്ലാദകരമായ കലാപ്രകടനങ്ങള്‍, മെഗാ തിരുവാതിര എന്നിവയൊക്കെ ആഘോഷത്തെ വര്‍ണാഭമാക്കി. മുത്തുകുടകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും പുലിക്കളിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥിയും അസോസിയേഷന്‍ ഭാരവാഹികളും ആഘോഷത്തില്‍ സംബന്ധിച്ച എല്ലാവരും ചേര്‍ന്ന് പ്രദക്ഷിണമായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനു ശേഷം അസോസിയേഷന്‍ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാതിരുവാതിരയെ നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ ആധ്യക്ഷം വഹിച്ചു. കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു.
തുടര്‍ന്ന് മുഖ്യാതിഥിയും പ്രസിഡന്റ് പ്രദീപ് നാഗനൂലിലും സെക്രട്ടറി മന്‍ജിത് കൈനിക്കരയും കമ്മിറ്റി അംഗങ്ങളും കേരളത്തനിമയില്‍ ഐശ്വര്യത്തിന്റെയും സമ്പുഷ്ടിയുടെയും പ്രതീകമായി നിറപറയും പൂക്കതിരും സാക്ഷിനിര്‍ത്തി നിലവിളക്ക് കൊളുത്തിയതോടെ ഓണഘോഷത്തിനു തുടക്കമായി.
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം വന്‍ വിജയമാക്കിയതില്‍ നിങ്ങളോരോരുത്തര്‍ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. നിങ്ങളുടെ ആവേശകരമായ പങ്കാളിത്തവും പിന്തുണയും കൂട്ടായ മനോഭാവവും ഓണത്തിന്റെ യഥാര്‍ത്ഥ സത്തയെ സജീവമാക്കിയതായി പ്രസിഡന്റ് ആധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ഈ വര്‍ഷം പങ്കെടുക്കുന്ന എന്റെ ആദ്യ ഓണാഘോഷ പരിപാടിയാണിതെന്നും ഇവിടെ അവതരിപ്പിച്ച കലാപരിപാടികളും നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയോടുള്ള ഓണാഘോഷ നടത്തിപ്പിന്റെ ആവേശവും കൂട്ടായ്മയും തന്നെയാണ് ഈ ഓണത്തിന്റെ മുഖ്യ സന്ദേശമെന്നും ഈ ഒത്തൊരുമയാണ് മാവേലിയുടെ കാലത്തുണ്ടായിരുന്ന പ്രത്യേകതയെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ബിനോയ് വിശ്വം ഓര്‍മ്മപെടുത്തി. എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റേയും ഓണാശംസകള്‍ മുഖ്യാതിഥി നേര്‍ന്നു.
ഓണാഘോഷത്തിന്റെ തറവാടായ കേരളത്തില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പ്രവാസികളായ മലയാളികള്‍ താമസിക്കുന്ന അമേരിക്കയിലും മറ്റ് പല വിദേശ രാജ്യങ്ങളിലും മാസങ്ങളോളമാണ് ആഘോഷം നടക്കുന്നത്. നിങ്ങളുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ ലഭിച്ച അവസരം ഏറ്റവും സന്തോഷം നല്‍കുന്നതാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാളസ് ബോട്ട് ക്ലബ്-നെഹ്റു ട്രോഫി വള്ളം കളി മത്സരം,ഗ്രൂപ്പ് ഡാന്‍സ്(സംസ്‌കൃതി അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ്), ഗ്രൂപ്പ് ഡാന്‍സ്-റിഥം ഓഫ് ഡാളസ്, സംഘഗാനം- ഓണ കിനാവുകള്‍ ടീം,10. ഗ്രൂപ്പ് ഡാന്‍സ്-നര്‍ത്തന ഡാന്‍സ് ഗാര്‍ലന്‍ഡ്, ഗ്രൂപ്പ് ഡാന്‍സ്-നദന ഡാന്‍സ് അക്കാദമി, തിരുവോണ ചുവട്
കൊറിയോഗ്രാഫി ജോബി വര്‍ഗീസ് ഗ്രാസിം എം.ആര്‍.ഇന്ത്യ, ഗ്രൂപ്പ് ഡാന്‍സ് -മല്ലൂസ് ബോയ്‌സ്,അക്കാദമിക് അവാര്‍ഡ് വിതരണം,ഓണസദ്യ, കളി-സിബി തലക്കുളം.സോളോ-ബഷീര്‍ തവനൂര്‍, ഗ്രൂപ്പ് ഡാന്‍സ്-സെമി ക്ലാസിക്കല്‍ ഡാന്‍സ്-(നര്‍ത്തന നൃത്തം), ഗ്രൂപ്പ് ഡാന്‍സ്- ബീറ്റ് ബ്രേക്കറുകള്‍.
വയലിന്‍ പ്ലേ,20. സോളോ – ഷാജി തോമസ് എന്നിവരുടെ പ്രകടനം ആഘോഷത്തിനു കൊഴുപ്പു പകര്‍ന്നു.
ആഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ച സ്‌പോണ്‍സര്‍മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഈവന്റ് സംഘാടകര്‍ക്കും സെക്രട്ടറി മന്‍ജിത് കൈനിക്കര പ്രത്യേക നന്ദി അറിയിച്ചു.
ഓരോരുത്തരുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും ഈ ആഘോഷത്തിന്റെ വിജയം കഠിനാധ്വാനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിന്റെ ചൈതന്യവും സൗഹൃദവും പ്രതിഫലിപ്പിക്കുമ്പോള്‍, നമ്മുടെ മനോഹരമായ പാരമ്പര്യങ്ങള്‍ ആഘോഷിക്കുകയും നമ്മുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ആര്‍ട്ട് ഡയറക്ടര്‍ സുബി ഫിലിപ്പ്, ജോബി വര്‍ഗീസ്, പ്രമീള അജയ്, ദേവേന്ദ്ര അനൂപ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജെയ്‌സി ജോര്‍ജ്, വിനോദ് ജോര്‍ജ്,ബേബി കൊടുവത്തു, ദീപക് നായര്‍, ദീപു രവീന്ദ്രന്‍, സാബു മാത്യു, ഫ്രാന്‍സിസ് തോട്ടത്തില്‍, ഹരിദാസ് തങ്കപ്പന്‍, അനശ്വരന്‍ മാംമ്പിള്ളി, രാജന്‍ ഐസക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 2000ത്തിലധികം പേര്‍ ഓണ സദ്യ കഴിച്ചതോടെയാണ് പരിപാടിക്ക് തിരശ്ശീല വീണത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page