മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുവാലി, നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്നു സ്ഥിരീകരിച്ചു. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നിപയാണെന്നു സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അഞ്ചു വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് പ്രഖ്യാപിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍ മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഈ വാര്‍ഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിപ ബാധിച്ച 24കാരന്‍ സെപ്തംബര്‍ ഒന്‍പതിന് ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.