മലപ്പുറത്ത് മരിച്ച യുവാവ് നിപ ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ ശേഖരിച്ചത്. മരിച്ച യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15 സഹപാഠികള്‍ നിരീക്ഷണത്തിലാണ്. ജാഗ്രത നിര്‍ദേശം ഏര്‍പ്പെടുത്തിയ ബംഗളൂരില്‍ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ബംഗളൂരുവിലെ മൂന്നു സഹപാഠികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മലപ്പുറത്ത് 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്ന് മലപ്പുറത്തെത്തും. ആരോഗ്യ വകുപ്പ് മന്ത്രി സ്ഥലത്ത് ക്യാംപ് ചെയ്യും. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.