തിരുവനന്തപുരം : അതിജീവനത്തിന്റെ ഓണം ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. ‘ജാതി ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ! ‘-മുഖ്യമന്ത്രി പറഞ്ഞു.