ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എകെജി ഭവനില്‍ എത്തിച്ചു. വസന്ത് കുഞ്ജിലെ വസതിയില്‍ നിന്ന് മുദ്രാവാക്യ അകമ്പടികളോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ എത്തിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ട് മൂന്ന് മണി വരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് 5 ന് 14 അശോക റോഡ് വരെ വിലാപയാത്രയായി നീങ്ങും. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു കൈമാറും. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രിയ നേതാവിനെ അവസാനമായി കാണാനായി പ്രവര്‍ത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്. സോണിയാ ഗാന്ധി, പി. ചിദംബരം, എന്‍സിപി നേതാവ് ശരദ് പവാര്‍, കനിമൊഴി, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വിഎന്‍ വാസവന്‍, രമേശ് ചെന്നിത്തല,
പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.വി.തോമസ്, പിവി അന്‍വര്‍, ജയറാം രമേശ്, ട്രഷറര്‍ അജയ് മാക്കന്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എംയിസില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച വൈകീട്ട് 3.05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനല്‍കുന്നത്.