കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയ തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയലി(51)നെതിരെ രാജപുരം പൊലീസും കേസെടുത്തു. പാണത്തൂര്‍ സ്വദേശിയായ അജിമാത്യു നല്‍കിയ പരാതി പ്രകാരമാണ് കേസ്. അമേരിക്കന്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ ഡാനിയല്‍ ജോസഫിനെ കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ശ്രീകണ്ഠാപുരം ചെമ്പത്തൊട്ടിയിലെ ജിനീഷ് ജോര്‍ജ്ജിന്റെ ഭാര്യക്ക് അമേരിക്കയില്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈയില്‍ വച്ച് അറസ്റ്റിലായ ജോസഫ് ഡാനിയലിനെ ശ്രീകണ്ഠാപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിസ തട്ടിപ്പിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഇയാള്‍ക്കെതിരെ വിസ തട്ടിപ്പ് കേസുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. ഇതിനിടയിലാണ് അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി അജി മാത്യു രാജപുരം പൊലീസില്‍ പരാതി നല്‍കിയത്.
