ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടി. മൃതദേഹ അവശിഷ്ടങ്ങള്‍ കലവൂരിലെ വീട്ടുവളപ്പിലെ കുഴിയില്‍ നിന്ന് കണ്ടെടുത്തു. കടവന്ത്ര സ്വദേശിനി സുഭദ്ര(73)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ശര്‍മ്മിളയും മാത്യൂസും ഒളിവിലാണ്. ശര്‍മ്മിളയും മാത്യൂസും സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മാസം നാലാം തിയ്യതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. കലവൂരിലുള്ള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചു മൂടിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ പരിശോധന നടന്നത്. തീര്‍ത്ഥാടന യാത്രക്കിടെയാണ് ശര്‍മ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീര്‍ത്ഥാടന യാത്രക്ക് വേണ്ടി ശര്‍മ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സുഭദ്രയെ സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമെന്ന് സംശയമുയര്‍ന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.