കാസര്‍കോട്: ബാരിക്കേഡോ മറ്റു സുരക്ഷാ വേലികളോ ഇല്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ഏറെ തിരക്കേറിയ എരിയാല്‍ ബ്ലാര്‍ക്കോട് ആസാദ് റോഡിലാണ് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്. റോഡിനോട് തന്നെ ചേര്‍ന്നുനില്‍ക്കുന്ന തരത്തിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളത്. ഇതിനുപുറമെയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിനാല്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും. ഇതും മറ്റുവിധത്തില്‍ വലിയ അപകടം വരുത്തിവെക്കാന്‍ കാരണമാകുന്നു. മദ്രസ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴി നടന്നുപോകാന്‍ മറ്റൊരു മാര്‍ഗവുമില്ല. ഈ ഭാഗത്ത് ഒരേ സമയം രണ്ട് വാഹനങ്ങള്‍ എതിരെ വന്നാല്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗത്തേക്ക് കയറി നില്‍ക്കേണ്ടി വരും. ഇതാണ് നാട്ടുകാര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നത്. അടിയന്തിരമായി സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം എന്നാണ് പരക്കെയുള്ള ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരും സന്നദ്ധ സംഘടനകളും അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കെ എസ് ഇ ബി മുന്‍കയ്യെടുത്ത് ട്രാന്‍സ്‌ഫോര്‍മറിന്റെ ഭാഗത്ത് സുരക്ഷാവേലി കെട്ടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മഴക്കാലം കൂടി ആയതോടെ ആകെ ആശങ്കയിലാണ് നാട്ടുകാരും. വലിയൊരു ദുരന്തം വിളിച്ചുവരുത്താതെ ആവശ്യമായ സുരക്ഷാക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.