കാസര്‍കോട്: ഗണേശോത്സവ ഘോഷയാത്രക്കിടയില്‍ കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് അധ്യാപകന്‍ മാതൃകയായി. നവജീവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ അഗല്‍പ്പാടിയിലെ രാജേഷ് ആണ് മാതൃകയായത്.
ബദിയഡുക്ക ടൗണ്‍ സര്‍ക്കിളിനു സമീപത്തു നിന്നാണ് പഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ 21,000 രൂപയോളം ഉള്ളതായി മനസ്സിലായി. പഴ്‌സ് കളഞ്ഞു കിട്ടിയ കാര്യം വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. ഇതോടെയാണ് കളഞ്ഞു കിട്ടിയ പഴ്‌സ് ബീജന്തടുക്കയിലെ ബി.എം ചിക്കന്‍ സ്റ്റാള്‍ ഉടമ സലാമിന്റേതാണെന്നു വ്യക്തമായത്. വിവരമറിഞ്ഞ് എത്തിയ സലാമിനു ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ വച്ച് പഴ്‌സ് കൈമാറി. അധ്യാപകനായ രാജേഷിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.