കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച് 3 എന്‍ 2 , എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഹോസ്റ്റലില്‍ താമസിച്ച ചിലര്‍ക്ക് പനി വന്നിരുന്നു. സംശയത്തിന്റെ പേരില്‍ ഈ മാസം അഞ്ചിന് പനി ബാധിച്ചവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫലം ലഭിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ വീടുകളിലേക്ക് പിന്നീട് മാറ്റി. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ശരീര വേദനയോ പനിയോ അനുഭവപ്പെടുന്നവര്‍ ആശുപത്രിയില്‍ ചികില്‍സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍, ഇത്തരം പനികള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി. രാമദാസ് അറിയിച്ചു. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം. ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, പ്രായമായവര്‍, ഇതരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷണങ്ങള്‍
സാധാരണ പകര്‍ച്ചപ്പനിയുടെയും (വൈറല്‍ ഫിവര്‍) എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും.
ചികിത്സ
എച്ച്1 എന്‍1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir (ഓസള്‍ട്ടാമിവ്യര്‍) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.