കാസര്‍കോട്: ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്ത ശേഷം എടുത്തു കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്‌കൂളിലെ രണ്ടുവിദ്യാര്‍ഥികളും മറ്റൊരു സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുമാണ് പിടിയിലായത്. മോഷണം നടന്ന ശേഷം രണ്ടുകുട്ടികളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെ സംശയം ഉയരുകയായിരുന്നു. പിന്നീട് പൊലീസെത്തി കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് മോഷണ കഥ പുറത്തായത്.
ഓഗസ്റ്റ് 23 ന് മുന്ന് ക്യാമറകള്‍ നഷ്ടപ്പെട്ടപ്പോള്‍ സമൂഹ വിരുദ്ധരുടെ ചെയ്തിയായിരിക്കുമെന്നു കരുതി സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നാലെയാണ് സെപ്തംബര്‍ രണ്ടിനും രാത്രി സ്‌കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ച മൂന്ന് ക്യാമറകള്‍ കൂടി നഷ്ടമായത്. 40.000 രൂപയുടെ ക്യാമറകളാണ് കാണാതായത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ സന്തോഷ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.