സെപ്തംബര്‍ 5 ദേശീയ അധ്യാപകദിനം
സുനില്‍ മാഷിന്റെ സൈക്കിള്‍ യാത്ര; പ്രകൃതിയുടെ ഹൃദയം തൊട്ട്
യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കില്ല എന്ന ആഗ്രഹത്തോടെയും മനോഭാവത്തോടെയും 34 വര്‍ഷക്കാലമായി സൈക്കിളില്‍ യാത്ര ചെയ്ത് സമൂഹത്തില്‍ ശ്രദ്ധേയമാവുകയാണ് കെ.എന്‍. സുനില്‍കുമാര്‍. കാസര്‍കോട് ഗവ. യു.പി.സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ്. സുനില്‍ മാഷിന്റെ അധ്യാപന ജീവിതത്തില്‍ സൈക്കിളിനെ വേര്‍തിരിച്ചു നിര്‍ത്താനാവില്ല. രണ്ടും പരസ്പര പൂരകങ്ങളാണ്. 1990ല്‍ കേരള ഹിന്ദി പ്രചാര സഭയുടെ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രിന്‍സിപ്പാളായിരുന്ന സമയം മുതലാണ് സൈക്കിള്‍ യാത്ര തുടങ്ങിയത്.
2004ല്‍ കാസര്‍കോട് ജില്ലയിലെ കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പ്രകൃതിയെ നോവിക്കരുതെന്നാണ് സുനില്‍ മാഷിന്റെ പക്ഷം. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരാശിയെ അദ്ദേഹം സ്വപ്നം കാണുന്നു. സ്‌കൂളില്‍ വലിയ വാഹനങ്ങളില്‍ എത്തുന്ന അധ്യാപകരുണ്ട്. അതിന്റെ വലിപ്പ ചെറുപ്പങ്ങളെക്കുറിച്ച് അദ്ദേഹം ശ്രദ്ധാലുവാകാറില്ല. 53 വര്‍ഷത്തെ ജീവിതത്തിലൊരിക്കലും അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല-സുനില്‍ മാഷ് പറയുന്നു.
മൂന്ന് പതിറ്റാണ്ടിന്റെ സൈക്കിള്‍ യാത്ര കൊണ്ട് മനുഷ്യരാശിക്ക് കൊടുക്കാനുള്ള സന്ദേശവും ഇതാണ്. കോവിഡ് നിമിത്തം കേരളം ലോക്ഡൗണ്‍ ആയപ്പോഴും സുനില്‍ മാഷിനെ അത് ബാധിച്ചില്ല. തന്റെ സൈക്കിളിന്റെ മൂല്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത് ലോക്ഡൗണ്‍ കാലത്താണ്. ഇദ്ദേഹം എങ്ങനെ കാലത്തിനൊപ്പം നടക്കുന്നുവെന്നാണെങ്കില്‍ കാലത്തെ മനസ്സിലാക്കി അതിനനുസൃതമായി തന്റെ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു എന്നതാണ്.
ഇപ്പോള്‍ വിദ്യാനഗര്‍, പന്നിപ്പാറയില്‍ താമസിക്കുന്ന ഇദ്ദേഹം 16 കിലോമീറ്റര്‍ കാസര്‍കോട്ടേക്ക് നിത്യേന സൈക്കിള്‍ ചവിട്ടുന്നു. വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം മാനവരാശിക്കും സകല ജീവജാലങ്ങള്‍ക്കും ഭീഷണിയാവുമ്പോള്‍ അത്തരം ഒരു മലിനീകരണത്തിന് ആക്കം കൂട്ടുവാന്‍ താനില്ലെന്നാണ് സുനില്‍ മാഷ് പറയുന്നത്. ഇങ്ങനെ സൈക്കിള്‍ സവാരി ചെയ്ത് ജോലിക്ക് പോകുമ്പോഴും മറ്റും പ്രായമായവര്‍ ഭാരവും പേറി നടക്കുന്നത് കണ്ടാല്‍ സുനില്‍ മാഷിന്റെ വാഹനം അവരുടെ അരികില്‍ നില്‍ക്കും.
പിന്നീട് അവര്‍ ഒരുമിച്ചായിരിക്കും യാത്ര. ദൂരമെത്രയായാലും പ്രശ്‌നമില്ല. പറഞ്ഞതിന് പത്ത് മിനിട്ട് മുമ്പെങ്കിലും സുനില്‍ മാഷ് സ്ഥലത്ത് എത്തിയിരിക്കും. സൈക്കിള്‍ യാത്ര ചെയ്ത് ഇന്നുവരെ ഒരു പരിപാടിക്കുപോലും വൈകി എത്തിയിട്ടില്ല.
സൈക്കിള്‍ യാത്രയെ കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ദീര്‍ഘ ദൂരയാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കാനാവില്ലെന്ന് ഇദ്ദേഹത്തിന്റെ കൂട്ടുകാരെല്ലാം വാദിച്ചു. പക്ഷേ സൈക്കിള്‍ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമാണെന്ന് സുനില്‍ മാഷ് തെളിയിച്ചു. ഇതിനു പല ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന് പറയുവാനുണ്ട്. മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം ജില്ലാ ബി.പി.സിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കോവിഡ് കാലത്ത് രാവിലെ 6 മണിക്ക് കണ്ടനാട്ട് പുത്തന്‍ മഠം ഭവനത്തില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9.30ന് യോഗം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പേ ആദ്യം എത്തിച്ചേര്‍ന്നത് സുനില്‍ മാഷായിരുന്നു.
എറണാകുളം ഡയറ്റ് കുറുപ്പംപടിയില്‍ സംഘടിപ്പിച്ച എറണാകുളം ജില്ലാതല ഹിന്ദി വിദ്യാഭ്യാസ സെമിനാറില്‍, കേരളത്തിലെ സ്‌കൂളുകളിലെ ഹിന്ദി പഠനം എന്ന വിഷയത്തെ ആസ്പദമാക്കി വിഷയം അവതരിപ്പിക്കാന്‍ കുറുപ്പംപടി ഡയറ്റില്‍ രാവിലെ 9 മണിക്ക് എത്തിച്ചേര്‍ന്നതും മികവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ജീവിതശൈലി രോഗങ്ങളെ കുറിച്ചും, വ്യായാമത്തെ കുറിച്ചുമൊക്കെ ധാരാളം വായിച്ചറിവുള്ള മലയാളി കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന വ്യായാമ ഉപകരണമാണ് സൈക്കിള്‍ എന്ന സത്യം മനസ്സിലാക്കി വരുന്നതേയുള്ളു. സൈക്കിള്‍ സവാരി മാനസിക ഉല്ലാസത്തിന് ഏറ്റവും നല്ലതാണ്. സുഹൃത്തുക്കളുമായി സൈക്കിളില്‍ നാട്ടുവഴികളിലൂടെ ഒരു ചെറു യാത്ര ഏറേ ഉല്ലാസദായകമാണ്-മാഷ് പറയുന്നു.
28 വര്‍ഷങ്ങള്‍ക്കു മുമ്പ് സുനില്‍ മാഷ് പഠിച്ചിരുന്ന തൃശൂര്‍ രാമവര്‍മ്മപുരം ഗവ. ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിലും അദ്ദേഹം സൈക്കിളില്‍ എത്തിയിരുന്നു. ആഗോള താപനത്തെ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധിക്കുന്നവരെ നാട് തിരിച്ചറിഞ്ഞ സന്തോഷമാണ് സുനില്‍ മാഷിന് തൃശൂര്‍ യാത്രയിലൂടെ ലഭിച്ചത്.
പ്രേംചന്ദാണ് സുനില്‍ മാഷിന്റെ ഇഷ്ട സാഹിത്യകാരന്‍. വാരാണസിയിലെ ലമഹിയിലെ പ്രേംചന്ദിന്റെ നാട്ടിലെക്കൊരു സൈക്കിള്‍ യാത്രയാണ് ജീവിത സ്വപ്നം.
കേന്ദ്രീയഹിന്ദി മഹാവിദ്യാലയം പ്രിന്‍സിപ്പാള്‍ പി.എസ്. ജയലക്ഷ്മിയാണ് ഭാര്യ. മകള്‍ കെ.എസ്. ലക്ഷ്മി കാലടി ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി ഹിന്ദി ഗവേഷണ വിദ്വാര്‍ത്ഥിനിയാണ്. മകന്‍.കെ.എസ്. പ്രേംചന്ദ് ഇളയിടം എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ. ഹിന്ദി രണ്ടാം വര്‍ഷം പഠിക്കുന്നു
സേവന പാതയില്‍ മുന്നില്‍ നടന്നതിനുള്ള നിരവധി അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും സുനില്‍ മാഷിനെ തേടി എത്തിയിരുന്നു.