ഇടുക്കി: നടൻ ബാബുരാജിനെതിരെ വീണ്ടും പീഡന പരാതി. പീഡിപ്പിച്ചെന്ന യുവതിയുടെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. ഡിഐജിയ്ക്ക് ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019ൽ പെരുമ്പാവൂരിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എസ്ഐടി ടീമിന് കൈമാറും. യുവതി ബാബുരാജിൻ്റെ റിസോർട്ടിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. അതേസമയം തനിക്കെതിരായ ആരോപണത്തിൽ ബാബു രാജ് പ്രതികരിച്ചിരുന്നു. എഎംഎംഎയ്ക്കും തനിക്കുമെതിരെയുള്ള ഗൂഢാലോചനയായിരുന്നു ഇതെന്നായിരുന്നു ബാബുരാജ് പറഞ്ഞത്. ആരോപണം ഉന്നയിച്ചത് ആരാണെന്ന് മനസിലായിട്ടില്ല. കാണാമറയത്തിരുന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ബാബുരാജ് അന്ന് ചോദിച്ചിരുന്നു. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും ബാബുരാജ് പറഞ്ഞിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ സിദ്ധിഖ്, ജയസൂര്യ, ഇടവേള ബാബു, നടനും എംഎൽഎയുമായ എം മുകേഷ് എന്നിവർക്കെതിരെ ലൈംഗികാരോപണ കേസുകൾ വന്നിരുന്നു. പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്