കാസര്‍കോട്: ഒരാഴ്ച മുമ്പ് ദേശീയതലത്തില്‍തന്നെ നടന്ന ലോറി സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ട പാചകവാതക സിലിണ്ടര്‍ വിതരണം ലോറി സമരം അവസാനിച്ചു ഒരാഴ്ച പിന്നിടുമ്പോഴും സിലിണ്ടറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുന്നു. സിലിണ്ടര്‍ വിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിയാത്തതാണ് സിലിണ്ടര്‍ ലഭിക്കാത്തതിന് കാരണമാവുന്നത്. ഗ്യാസ് ഇല്ലാതെ പല വീടുകളിലും പാചകം നടക്കുന്നില്ല. മറ്റു മാര്‍ഗ്ഗങ്ങളൊക്കെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്. പാചകവാതകം തീര്‍ന്നതിനാല്‍ ഉപഭോക്താക്കള്‍ ഗ്യാസ് ഏജന്‍സി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇത് ഉപഭോക്താക്കള്‍ക്ക് അധിക ചെലവും ഉണ്ടാക്കുന്നു. ഓട്ടോകളും മറ്റും പിടിച്ച് ഓഫീസിലെത്താന്‍ വാടക നല്‍കേണ്ടതുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഗ്യാസിനായി രാവിലെതന്നെ ഓഫീസുകളില്‍ ‘ക്യൂ’ നില്‍ക്കേണ്ട അവസ്ഥയുമുണ്ട്. കുമ്പളയില്‍ രണ്ട് ഗ്യാസ് ഏജന്‍സി ഓഫീസുകളിലും സിലിണ്ടറിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ എല്ലാ പ്രദേശങ്ങളിലേക്കും വാഹനങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഗ്യാസ് ഏജന്‍സികള്‍ എത്തിച്ചുകൊണ്ടിരുന്നതാണ്. ലോറി സമരം ഉണ്ടായതുമുതല്‍ ഇത് രണ്ടാഴ്ചയായി തടസപ്പെട്ടു കിടക്കുകയാണ്. ഗ്യാസ് സിലിണ്ടറുകളില്‍ വീട്ടിലെത്തിക്കുമെന്ന് ഏജന്‍സി അധികൃതര്‍ പറയുമ്പോള്‍ തന്നെ എത്തിക്കാന്‍ കാലതാമസമെടുക്കുന്നത് കൊണ്ട് ഉപഭോക്താക്കള്‍ ഏജന്‍സി ഓഫീസുകളില്‍ നേരിട്ട് എത്തുന്നുവെന്നാണ് പറയുന്നത്.