കാസര്‍കോട്: നടപ്പാതകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമ്പോഴും കുമ്പളയില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് നടപ്പാതയില്‍ തന്നെ.
കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഓടിച്ചു പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് കഴിഞ്ഞദിവസം പൊലീസ് ഇത്തരം വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
നടപ്പാതകള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഓടിച്ചു പോകുന്നതും ഇന്റര്‍ലോക്ക് ടൈലുകള്‍ തകരുന്നതിന് കാരണമാവുന്നതായിട്ടാണ് പരാതി.
ഓട്ടോകളുടെ ബാഹുല്യവും, സ്ഥലസൗകര്യമില്ലായ്മയുമാണ് കുമ്പള ടൗണില്‍ ഓട്ടോകള്‍ പലപ്പോഴും നടപ്പാത കൈയേറി പാര്‍ക്ക് ചെയ്യുന്നതിന് ഇടയാക്കുന്നത്. ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ കമ്പനി അധികൃതര്‍ കുമ്പള പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫുട്പാത്തുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ചിലയിടത്ത് ഫുട്പാത്ത് കയ്യേറി തെരുവു കച്ചവടവും പൊടിപൊടിക്കുന്നുണ്ട്.
ഫുട്പാത്ത് കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ, വാഹനങ്ങള്‍ ഓടിച്ചു പോവുകയോ ചെയ്യുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്ന് പൊലീസ് അറിയിച്ചു. 9747001099 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ, തീയതി, സമയം,സ്ഥലം,ജില്ല എന്നിങ്ങനെ പരാതി യോടൊപ്പം അറിയിച്ചിരിക്കണമെന്ന് അറിയിപ്പില്‍ പറഞ്ഞു.